മുംബൈ: ഐ.പി.എല്‍ മത്സരത്തിനിടെ ഡഗ്ഔട്ടില്‍ ഫോണ്‍ ഉപയോഗിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ റോമി ഭിന്ദറിനെതിരെ നടപടിയെടുത്ത് ബി.സി.സി.ഐ. ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ നല്‍കിയ വിശദീകരണം തള്ളിയാണ് റോമിക്ക് പിഴ ചുമത്തിയത്.
നേരത്തെ, ഗുരുതര ചട്ടലംഘനങ്ങളൊന്നും റോമിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനാല്‍ മത്സരവിലക്കില്‍നിന്ന് രക്ഷപ്പെട്ടു. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ കഴിഞ്ഞ മത്സരത്തിലാണ് സംഭവം. മത്സരത്തിനിടെ ഡഡ്ഔട്ടിലിരുന്ന് റോമി ഭിന്ദര്‍ മൊബൈല്‍ ഫോണ്‍ നോക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. സമീപത്തിരുന്ന് കൗമാര താരം വൈഭവ് സൂര്യവംശിയും ഭിന്ദറിന്റെ കൈയിലുള്ള ഫോണിലേക്ക് നോക്കുന്നുണ്ട്.
എന്നാല്‍, വൈഭവിനെതിരെ നടപടിയില്ല. ബംഗളൂരു ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 11 ഓവറിലാണ് സംഭവം. ഡഗ് ഔട്ടിലിരുന്ന് ഫോണ്‍ ഉപയോഗിക്കുന്നത് ഐ.പി.എല്‍ പെരുമറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. മത്സരത്തിനിടെ മൊബൈല്‍ ഫോണുകളോ മറ്റു ഇലക്ട്രോണിക് ആശയ ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ലെന്ന് മാച്ച് ഓഫിഷ്യലുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ കൃത്യമായി പറയുന്നുണ്ട്.
ഡ്രസ്സിങ് റൂം, താരങ്ങള്‍ക്ക് കളി കാണാനുള്ള സ്ഥലം, തേഡ് അമ്പയറുടെ മുറി, മാച്ച് നിയന്ത്രിക്കുന്ന റഫറിമാരുടെ റൂം, മാച്ച് ഓഫിഷ്യലുകള്‍ ഭക്ഷണം കഴിക്കുന്ന റൂം, ഡഗ്ഔട്ട് എന്നിവിടങ്ങളും ബി.സി.സി.ഐ അഴിമതി വിരുദ്ധ സുരക്ഷ മാനേജര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന മറ്റു സ്ഥലങ്ങളിലുമാണ് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കുള്ളത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പ്രത്യേക ടേബിളില്‍ ടീം അനലിസ്റ്റിന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് ഇളവുണ്ട്. കൂടാതെ, ഡ്രസ്സിങ് റൂമില്‍ ടീം മനേജര്‍ക്ക് മാത്രം ഫോണ്‍ ഉപയോഗിക്കാനാകും.
സ്റ്റേഡിയത്തില്‍ എത്തിയാല്‍ ഓരോ ടീമിനും അനുവദിക്കുന്ന പ്രത്യേക വിശ്രമ മുറിയില്‍ ഫോണ്‍ ഓഫ് ചെയ്ത് സൂക്ഷിക്കണമെന്നാണ് ചട്ടം. സമൂഹമാധ്യമങ്ങളിലടക്കം വിഷയം വലിയ ചര്‍ച്ചയായതോടെ ബി.സി.സി.ഐ വിശദീകരണം തേടിയിരുന്നു. പ്രഥമ സീസണ്‍ മുതല്‍ രാജസ്ഥാന്‍ ടീം മാനേജര്‍ പദവി വഹിക്കുന്നത് റോമി ഭിന്ദറാണ്. ഈമാസം 19ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.
BCCI has imposed a fine of ₹1 lakh on Rajasthan Royals manager Romi Bhinder for using a mobile phone in the dugout during an IPL match against RCB. The action was taken following viral footage showing Bhinder using the device in violation of IPL’s anti-corruption and conduct protocols. While Bhinder faced penalties, teenage player Vaibhav Suryavanshi, who was seen looking at the phone, was spared from disciplinary action.


