കൊച്ചി: ആപ്പിൾ ഐഫോൺ 15 റീലിസ് ചെയ്യാൻ ഇനി മണിക്കൂറുകളാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തിൽ ഐഫോൺ 14 വൻ ലാഭത്തിലാണ് ഫ്ലിപ്കാർട്ടിൽ വില്പനയ്ക്കെത്തിച്ചിരിക്കുന്നത്. ഓഫറ്‍ അനുസരിച്ച് 79,900 രൂപയുടെ ഐഫോൺ 14 ന്റെ റെഡ് കളർ വേരിയന്റ് 66,999 രൂപയ്ക്ക് ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുപയോഗിച്ച് വാങ്ങുന്നവർക്ക് 4,000 രൂപ കിഴിവുമുണ്ട്.
ഉപഭോക്താക്കൾക്ക് മൊത്തം 16,901 രൂപയോളം കിഴിവ് ലഭിക്കും. ഐഫോൺ 13 നിലവിൽ 56,999 രൂപ പ്രാരംഭ വിലയിലാണ് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലയാണിത്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉള്ള ഉപഭോക്താക്കൾക്ക് ഇത് 54,999 രൂപയ്ക്ക് വാങ്ങാൻ കഴിയും.
ചെലവിനെ കുറിച്ച് ആലോചിച്ച് ടെൻഷൻ അടിക്കുന്ന ഉപയോക്താക്കൾക്ക് ഐഫോൺ13 തിരഞ്ഞെടുക്കാം. അതേസമയം ഏകദേശം 80,000 രൂപയോ അതിൽ കൂടുതലോ ബജറ്റുള്ളവർ ഐഫോൺ 15-നായി കാത്തിരിക്കുക എന്നതായിരിക്കും മികച്ച തീരുമാനം.
ഒരു പുതിയ മോഡൽ പുറത്തിറങ്ങുമ്പോൾ ആപ്പിൾ സാധാരണയായി മുൻ മോഡലിന്റെ വില കുറയ്ക്കൽ പ്രഖ്യാപിക്കാറുണ്ട്. നിലവിൽ, ആപ്പിൾ സ്റ്റോറിൽ ഐഫോൺ 14 ന്റെ ഔദ്യോഗിക വില 79,900 രൂപയാണ്. അതേസമയം ഐഫോൺ 13 ന്റെ വില 69,900 രൂപയുമാണ്. അതേ സമയം തന്നെ രണ്ട് ഐഫോണുകൾക്കും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത് വൻ ഓഫറുകളാണ്.
നാളെയാണ് ഐഫോൺ 15 ലോഞ്ച് ചെയ്യുന്നത്. ഇന്ത്യൻ സമയം രാത്രി 10:30നാണ് ലോഞ്ചിങ് നടക്കുന്നത്. ലോഞ്ചിങ്ങിന് മുന്നോടിയായി പല തരത്തിലുള്ള കിംവദന്തികളും പുറത്തു വരുന്നുണ്ട്. ഫോണിന്റെ പ്രാരംഭ വില 66,096.44 രൂപയായിരിക്കും എന്ന് സൂചനയുണ്ട്. ഐഫോൺ 14 സീരീസിന്റെ കഴിഞ്ഞ വർഷത്തെ വിലകൾ കണക്കിലെടുക്കുമ്പോൾ, വില 79,900 രൂപയിൽ ആരംഭിക്കുമെന്നും പറയപ്പെടുന്നു.
ഐഫോൺ 13 മുതൽ സ്റ്റാൻഡേർഡ് മോഡലിന്റെ വില ആപ്പിൾ നിലനിർത്തിയിട്ടുണ്ട്. എന്നാൽ വിലയിൽ നേരിയ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.