InternationalNews

മൊറോക്കോയെ തകര്‍ത്തെറിഞ്ഞ്‌ ഭൂകമ്പം; ‌‌‌മരണം 2,000 കവിഞ്ഞു, പല ഗ്രാമങ്ങളും ഇല്ലാതായി

റബാത്ത്:വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ മരണം 2,012 ആയി. പരുക്കേറ്റ രണ്ടായിരത്തിലേറെ ആളുകളിൽ 1,404 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണു സാധ്യത. ആശുപത്രികൾ ശവശരീരങ്ങൾകൊണ്ടു നിറഞ്ഞു. പല കുടുംബങ്ങളും പൂർണമായും കൊല്ലപ്പെട്ടു. ഭക്ഷണസാധനങ്ങൾ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്.

മൊറോക്കോയിൽ ഭൂകമ്പത്തിന്റെ തുടർചലനം ഭയന്ന് തലസ്ഥാനമായ റബാത്ത് അടക്കം പല നഗരങ്ങളിലും ജനങ്ങൾ വീടുകൾക്കു പുറത്താണ് കഴിയുന്നത്.

മധ്യമേഖലയിലെ മാരിക്കേഷ് നഗരത്തിൽ നിന്ന് 72 കിലോമീറ്റർ മാറി ഹൈ അറ്റ്ലസ് പർവത മേഖലയിലെ അമിസ്മിസ് ഗ്രാമമാണ് 6.8 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇവിടത്തെ  ഗ്രാമങ്ങളെല്ലാം തകർന്നടിഞ്ഞു. അസ്നി എന്ന ഗ്രാമം പൂർണമായും ഇല്ലാതായി. റോഡുകൾ തകർന്നതിനാൽ മേഖലയാകെ ഒറ്റപ്പെട്ടിരിക്കുകയാണ്. 

ഭൂകമ്പം 3 ലക്ഷത്തോളം ആളുകളെയാണ് ബാധിച്ചതെന്നു ലോകാരോഗ്യ സംഘടന അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടക്കുന്നത്. ഇന്ത്യക്കാർ ആരെങ്കിലും ദുരന്തത്തിൽ ഉൾപ്പെട്ടതായി വിവരം കിട്ടിയിട്ടില്ലെന്നു റബാത്തിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. 

വിവിധ രാജ്യങ്ങൾ മൊറോക്കോയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. മൊറോക്കോയുമായി ശത്രുതയിലാണെങ്കിലും സമീപരാജ്യമായ അൽജീരിയ രക്ഷാപ്രവർത്തനങ്ങൾക്കായി വിമാനത്താവളങ്ങൾ തുറന്നുകൊടുത്തു. സ്പെയിനും ഫ്രാൻസും സഹായങ്ങൾ എത്തിച്ചുതുടങ്ങി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം രേഖപ്പെടുത്തി. മൊറോക്കോയിലെ ജനങ്ങൾക്കൊപ്പമാണെന്ന് ജി20 ഉച്ചകോടിയിൽ സംബന്ധിക്കുന്ന മോദി പറഞ്ഞു. മൊറോക്കോയ്ക്കു വേണ്ടി പ്രാർഥിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. 

തുർക്കിയിൽ ഫെബ്രുവരിയിൽ 50,000 പേരുടെ ജീവനെടുത്ത ഭൂകമ്പത്തിനു സമാനമായതാണു മൊറോക്കോയിലും ഉണ്ടായതെന്നു യുഎസ് ജിയോളജിക്കൽ സർവേ സൂചിപ്പിക്കുന്നു. 6 പതിറ്റാണ്ടിനുള്ളിലെ ഏറ്റവും ഭീകരമായ ഭൂകമ്പമാണു കഴി‍ഞ്ഞദിവസം ഉണ്ടായത്. 1960ൽ അഗാദിറിലുണ്ടായ ഭൂകമ്പത്തിൽ 12,000 പേർക്കാണ് ജീവൻ നഷ്ടമായത്.

മൊറോക്കോയിലെ ഭൂകമ്പം തകർത്തെറിഞ്ഞത് അപൂർവ പൈതൃകത്തെക്കൂടിയാണ്. അറ്റ്ലസ് പർവത മേഖലയിലെ ഗ്രാമത്തിലുള്ള 12–ാം നൂറ്റാണ്ടിലെ പ്രശസ്തമായ ടിൻമെൽ മോസ്കും തകർന്നു. വടക്കേ ആഫ്രിക്കയും സ്പെയിനും അടങ്ങുന്ന മേഖല ഭരിച്ച അൽ മൊഹദ് രാജവംശമാണ് ഈ മോസ്ക് നിർമിച്ചത്. മാരിക്കെഷിനു മുൻപു തലസ്ഥാനമായിരുന്ന സ്ഥലമാണിത്. തകർച്ച പഠിക്കാൻ വിദഗ്ധ സംഘത്തെ അയയ്ക്കുമെന്ന് യുനെസ്കോ വ്യക്തമാക്കി. 

മോസ്ക് പുനർനിർമിക്കുമെന്ന് മൊറോക്കോയിലെ സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി. പൗരാണിക നഗരമായ മാരിക്കേഷിലെ ചരിത്രസ്മാരകങ്ങൾ പലതും തകർന്നു. യുനെസ്കോ പൈതൃക നഗരമായി പ്രഖ്യാപിച്ച ഇവിടത്തെ പ്രശസ്തമായ ജമാ അൽഫ്ന സ്ക്വയറിലെ കൗതൗബിയ മോസ്കിന്റെ മിനാരങ്ങൾ തകർന്നു. പ്രശസ്തമായ ‘ചുവന്ന മതിലി’നും കേടുപാടുണ്ടായി. ഓരോ വർഷവും 20 ലക്ഷത്തോളം സന്ദർശകർ എത്തുന്ന നഗരമാണിത്. അൽ മുറാവിദ് രാജവംശത്തിന്റെ കാലത്താണ് മാരിക്കേഷ് നഗരം രൂപപ്പെട്ടത്. 1985ലാണ് യുനെസ്കോ പൈതൃക നഗരമായി പ്രഖ്യാപിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker