29.5 C
Kottayam
Tuesday, April 30, 2024

പ്രമുഖ നടിയുടെ അസഹിഷ്ണുത, ഏഴ് ദിവസം ഷൂട്ട് ചെയ്ത ശേഷം വേറെയാളെ നോക്കേണ്ടി വന്നു: ‘വിചിത്രം’ സംവിധായകൻ

Must read

കൊച്ചി:ഷൈന്‍ ടോം ചാക്കോയെ നായകനാക്കി നവാഗതനായ അച്ചു വിജയൻ സംവിധാനം ചെയ്ത സിനിമയാണ് വിചിത്രം. കഴിഞ്ഞ ആഴ്ചയാണ് ചിത്രം തീയറ്ററുകളിലെത്തിയത്. പേര് കൊണ്ടും പോസ്റ്ററിലെ പ്രത്യേകതകൾ കൊണ്ടും ചിത്രം നേരത്തെ തന്നെ ശ്രദ്ധനേടിയിരുന്നു. മലയാളത്തിലെ പുതിയൊരു പരീക്ഷണ ചിത്രമാണ് വിചിത്രമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ഒരേസമയം സസ്‌പെൻസും ത്രില്ലറും റൊമാന്സും എല്ലാമടങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഷൈൻ ടോം ചാക്കോയ്ക്ക് പുറമെ കനി കുസൃതി, ജോളി ചിറയത്ത്, ബാലു വർഗീസ്, ലാൽ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അതേസമയം, വിചിത്രം സിനിമയുടെ ഷൂട്ടിനിടെ താൻ നേരിട്ട ഒരു ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ അച്ചു വിജയൻ. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നിലേക്ക് മലയാളത്തിലെ അറിയപ്പെടുന്ന ഒരു നടിയെ കാസ്റ്റ് ചെയ്തിരുന്നെന്നും ആ നടി സഹകരിക്കാതെ വന്നതോടെ വേറെ ആളെ നോക്കേണ്ടി വന്നെന്നുമാണ് സംവിധായകൻ പറഞ്ഞത്.

മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ ജോളി ചിറയത്ത് സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുന്നതിനിടെ ആണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്. സംവിധായകൻ അച്ചു വിജയന്റെ വാക്കുകൾ ഇങ്ങനെ.

‘വിചിത്രത്തിലെ അഞ്ചു മക്കളുടെ അമ്മയായി ആദ്യം തീരുമാനിച്ചത് മലയാളത്തിലെ അറിയപ്പെടുന്ന ഒരു നടിയെ ആയിരുന്നു. അവരെ വച്ച് ഏഴ് ദിവസം ഷൂട്ടും ചെയ്തു. ഞാൻ ഒരു പുതുമുഖ സംവിധായകൻ ആണല്ലോ. അവരോട് ഒരു സീൻ പറഞ്ഞുകൊടുക്കുന്ന രീതി ഒരുപക്ഷേ എക്സ്പീരിയൻസ് ആയ ഒരാൾ പറഞ്ഞു കൊടുക്കുന്നത് പോലെ ആയിരിക്കില്ല. എന്റെ സിനിമയെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയുണ്ട്, അത് മുഴുവൻ താരങ്ങളോട് പറഞ്ഞു മനസിലാക്കേണ്ടത് എന്റെ കടമയാണല്ലോ’,

‘പറഞ്ഞു കൊടുക്കുമ്പോൾ സഹകരിക്കാൻ തയ്യാറാകാതെ ആ താരം പലപ്പോഴും എന്നോട് പറഞ്ഞത് ”നിങ്ങൾ പറയുന്നതു പോലെ ഒന്നും എനിക്ക് ചെയ്യാൻ പറ്റില്ല ഞാൻ വാങ്ങിയ അഡ്വാൻസ് തിരികെ തരാം നിങ്ങൾ വേറെ ആളെ നോക്കിക്കൊള്ളൂ” എന്നാണ്. ഞാൻ പിന്നെയും ക്ഷമിച്ച് എല്ലാം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. പക്ഷേ ദിവസങ്ങൾ കഴിയുന്തോറും ആ താരത്തിന്റെ അസഹിഷ്ണുത കൂടി വന്നു. അവർ അഡ്വാൻസ് തിരിച്ചു തന്നിട്ട് പോവുകയാണ് എന്ന് പറഞ്ഞുകൊണ്ടേ ഇരുന്നു’,

‘ഒടുവിൽ എന്റെ സിനിമയുടെ നന്മയ്ക്ക് വേണ്ടി ഞാൻ അവരോട് നിങ്ങൾ പോയ്‌ക്കോളു ഞാൻ വേറെ ആളെ നോക്കാമെന്ന് എനിക്ക് പറയേണ്ടി വന്നു. ഇതെല്ലാം എല്ലാവരുടെയും മുന്നിൽ വച്ചാണ് നടന്നത്. പിന്നെയാണ് ജോളി ചേച്ചി സിനിമയിലേക്ക് വരുന്നത്. ചേച്ചിയോടൊപ്പം വർക്ക് ചെയ്യാൻ വളരെ എളുപ്പമായിരുന്നു. പറയുന്നത് ഒരു മടിയുമില്ലാതെ ചേച്ചി ചെയ്തു.

ആ അമ്മയുടെ റോൾ ചേച്ചി മനോഹരമാക്കി. ആ കഥാപാത്രം പാളിയാൽ സിനിമ തന്നെ കുളമാകും എന്ന സ്ഥിതിയായിരുന്നു. അമ്മ കഥാപാത്രവുമായി സമീപിച്ചപ്പോൾ പലർക്കും താല്പര്യമില്ലായിരുന്നു ചിലർക്ക് സമയമില്ലായിരുന്നു. പക്ഷേ ജോളി ചേച്ചിയെ കാസ്റ്റ് ചെയ്തത് പടത്തിനു ഗുണം ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്’, അച്ചു വിജയൻ പറഞ്ഞു.

വിചിത്രം തന്റെ ആദ്യ ചിത്രം ആയിരുന്നില്ല രണ്ടാമത്തെ ചിത്രം ആയിരുന്നെന്നും സംവിധായകൻ പറയുന്നുണ്ട്. മൂന്നുനാലു വർഷമായി മറ്റൊരു നിർമ്മാണ കമ്പനിക്ക് വേണ്ടി ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പിൽ ആയിരുന്നു. കുറച്ചധികം സമയം അതിനു കളഞ്ഞു. അതെല്ലാം ഒന്ന് ഓൺ ആയി വന്നപ്പോഴാണ് കോവിഡ് വന്നത്. വീണ്ടും രണ്ടുവർഷം പോയി.

എറണാകുളം ടൗണിൽ അത്യാവശ്യം ക്രൗഡ് ഒക്കെ വച്ച് ചെയ്യേണ്ട സിനിമയായിരുന്നു. കോവിഡ് വന്നതോടെ ആൾക്കൂട്ടത്തെ വെച്ച് ഷൂട്ട്‌ ചെയ്യുന്നത് ആലോചിക്കാൻ കഴിയാത്ത അവസ്ഥയായി. പിന്നീടാണ് വിചിത്രം വരുന്നത്. ആദ്യ സിനിമയ്ക്കായി ഓടിയ ഓട്ടമൊക്കെ വിചിത്രത്തിന് ഗുണം ചെയ്‌തെന്നും അദ്ദേഹം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week