26.5 C
Kottayam
Tuesday, May 21, 2024

‘ശരീരം കാണിക്കുന്ന വേഷങ്ങൾ ഞാൻ ചെയ്യില്ല; ഭർത്താവിന്റെ അടികൊള്ളുന്ന ഭാര്യയുടെ വേഷം നിരസിച്ചിട്ടുണ്ട്’

Must read

കൊച്ചി:മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന നടിമാരിൽ ഒരാളാണ് രേവതി. നാൽപത് വർഷത്തോളമായി അഭിനയ രംഗത്ത് സജീവമായ രേവതി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സംവിധായക എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് അവർ. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം രേവതി അഭിനയിച്ചിട്ടുണ്ട്.

കിലുക്കത്തിലെ അരപ്പിരി ലൂസായ തമ്പുരാട്ടി കുട്ടി മുതൽ അവസാനമിറങ്ങിയ ഭൂതകാലത്തിലെ ആശ വരെ പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെ രേവതി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. ഭൂതകാലത്തിലൂടെ തന്റെ കരിയറിലെ മലയാളത്തിൽ നിന്നുള്ള തന്റെ ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നടി സ്വന്തമാക്കിയിരുന്നു. മികച്ച നടിയ്ക്കും സംവിധായകയ്ക്കുമുള്ള രണ്ടു ദേശീയ പുരസ്‌കാരങ്ങളും നേരത്തെ സ്വന്തമാക്കിയിട്ടുണ്ട് താരം.

ചെയ്ത സിനിമകളുടെയും കഥാപാത്രങ്ങളുടെയും പേരിലല്ലാതെ തന്റെ ശക്തമായ നിലപാടുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട് രേവതി. മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങൾ പറയുന്ന രേവതി, സിനിമയിലെ തന്റെ സഹപ്രവർത്തകർക്ക് വേണ്ടി ശബ്‌ദിച്ചു കൊണ്ട് വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.

‘അത്തരം കഥാപാത്രങ്ങൾ ഞാൻ ഒരുപാട് ചെയ്തിട്ടുണ്ട്. രണ്ടു തരം പ്രണയ ചിത്രങ്ങളും ഞാൻ എൻജോയ് ചെയ്തിട്ടുണ്ട്. രണ്ടിലും അഭിനയിക്കാൻ ഇഷ്ടമാണ്. പക്ഷെ എവിടെയെങ്കിലും എന്നെ ഐഡന്റിഫൈ ചെയ്യാൻ പറ്റുന്ന കഥാപാത്രമായിരിക്കണം. എനിക്ക് രണ്ടു മൂന്ന് കഥാപാത്രങ്ങൾ വന്നത് ഞാൻ നിരസിച്ചിട്ടുണ്ട്.

വീട്ടിൽ മാത്രം ഒതുങ്ങി കഴിയുന്ന ഭാര്യ അവരെ ഭർത്താവ് അടിക്കുന്നു എന്നാൽ അവർ ഒന്നും പറയുന്നില്ല. കാലിൽ വീഴുന്നു. അങ്ങനെയുളള കഥാപാത്രങ്ങൾ എനിക്ക് ചെയ്യാൻ പറ്റില്ല. കാരണം എനിക്ക് അവ ഒട്ടും തന്നെ ഉൾകൊള്ളാൻ പറ്റില്ല. ചില സിനിമകൾ ശരീര ഭാഗങ്ങൾ കാണിക്കേണ്ട സിനിമകൾ ഉണ്ടാവും. അത് ചിലപ്പോൾ ആ സിനിമയ്ക്ക് ആവശ്യവുമായിരിക്കും. എന്നാൽ എനിക്ക് എന്റെ ശരീരം കാണിക്കാൻ അത്ര കംഫർട്ടബിൾ അല്ല. അതുകൊണ്ട് അതും ഞാൻ നിരസിച്ചിട്ടുണ്ട്,’ രേവതി പറഞ്ഞു.

വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കംഫർട്ടബിൾ ആയിട്ട് തോന്നിയിട്ടുള്ളത് തമിഴിൽ ആണെന്ന് രേവതി പറയുന്നുണ്ട്. അതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട്. ‘എനിക്ക് സിനിമ കംഫർട്ടബിൾ ആവുന്നത് ഭാഷ അറിയുമ്പോഴാണ്. എനിക്ക് നന്നായി അറിയുന്ന ഭാഷ തമിഴാണ്. ഞാൻ അവിടെ ഒരുപാട് നാൾ താമസിച്ചിട്ടുണ്ട്’,

‘മലയാളത്തിനോട് എനിക്ക് ഒരു സ്നേഹമാണ്. നമ്മുടെ വേരുകളിലേക്ക് വരുന്നത് പോലെയാണ്. അതാണ് ഞാൻ ഇടയ്ക്ക് വന്ന് ചെയ്തിട്ട് പോകുന്നത്. എന്നാൽ എനിക്ക് കേരളത്തിന്റെ സംസ്കാരം ഒന്നും പൂർണമായിട്ട് അറിയില്ല. മലയാളികളുടെ ചിന്തകൾ ഒന്നും അറിയില്ല. അതേസമയം, തമിഴിൽ ഒരു ഗ്രാമത്തിലെ പെൺകുട്ടി ആയിട്ട് അഭിനയിക്കാൻ പറഞ്ഞാലും എനിക്ക് അത് അറിയാം. എന്നാൽ മലയാളികൾ എന്നും എന്നോട് വളരെ സ്നേഹം കാണിച്ചിട്ടുള്ളവരാണ്’, രേവതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week