CrimeKeralaNews

റെജു ഭായ്’ അന്തർസംസ്ഥാന വാഹന മോഷ്ടാവ് അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും നിരവധി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി കുറ്റിച്ചിറ കൊശാനി വീട്ടിൽ ഹംദാൻ അലി എന്ന റെജു ഭായ്  (42) പിടിയിലായി. വെള്ളയിൽ പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കോഴിക്കോട് സിറ്റിയിലെ വെള്ളയിൽ, മെഡിക്കൽ കോളേജ്, ചേവായൂർ, ചെമ്മങ്ങാട്, കസബ, നഗരം പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത നിരവധി ഇരുചക്ര വാഹന മോഷണ കേസുകളാണ് ഇതോടെ തെളിയിക്കപ്പെട്ടത്. 

കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ഇരുചക്ര വാഹന മോഷണം വർദ്ധിച്ചു വന്ന സാഹചര്യത്തിൽ  കോഴിക്കോട് ടൗൺ അസിസ്റ്റൻറ് കമ്മീഷണർ  ബിജുരാജിന്റെ നിർദ്ദേശപ്രകാരം വെള്ളയിൽ പൊലീസും ടൗൺ പൊലീസും പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. പ്രതിക്കായുള്ള അന്വേഷണം ഊർജിതമായി നടക്കവെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നിന്നും ഇരുചക്ര വാഹന മോഷണം പോയ കേസിൽ പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ മൊബൈൽ ടവർ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് പോലീസിന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിക്കുന്നത്. 

വാഹന മോഷണ കേസിൽ സംശയിക്കുന്ന വ്യക്തിക്ക്  മുൻപ് കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണക്കടത്ത് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചു കടന്നുകളഞ്ഞു കേസിലെ പ്രതിയായ ഹംദാൻ അലിയുമായി രൂപ സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് ദിവസങ്ങളോളം ഹംദാൻ അലിയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും ഹംദാൻ അലി തന്നെയാണ് ബീച്ച് ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നിന്നും വാഹനം മോഷ്ടിച്ചതെന്ന് വ്യക്തമായ ശേഷം ബേപ്പൂർ ഹാർബർ പരിസരത്ത് വച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. 

പ്രതിയെ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയമായി നടത്തിയ ചോദ്യം ചെയ്യലിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കോഴിക്കോട് സിറ്റിയിൽ നിന്നും 14 വാഹന മോഷണങ്ങൾ നടത്തിയതായി ഹംദാൻ അലി പോലീസിന് മുൻപാകെ കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത കേസുകളിലെ അന്വേഷണത്തിനായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ആമോസ് മാമൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച വാഹനങ്ങൾ ബാങ്ക് റിക്കവറി നടത്തിയ വാഹനങ്ങൾ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിൽ വിൽപന നടത്തിയതായി പോലീസ് കണ്ടെത്തി. 

തുടർന്ന് ദിവസങ്ങളോളം കോയമ്പത്തൂരിൽ താമസിച്ച് തികച്ചും സാഹസികമായാണ് മോഷണം പോയ വാഹനങ്ങൾ പോലീസ് കണ്ടെടുത്തത്. കോയമ്പത്തൂരിലും വയനാട്ടിലും വിൽപ്പന നടത്തിയ ഒമ്പത് റോയൽ എൻഫീൽഡ് ബുള്ളറ്റ് ഉൾപ്പെടെ 12 വാഹനങ്ങൾ പൊലീസ് റിക്കവറി ചെയ്തു.

വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജി ഗോപകുമാർ, പ്രൊബേഷൻ എസ്ഐ റസ്സൽ രാജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ നവീൻ നെല്ലൂളിമീത്തൽ, സിപിഒ സുജിത്ത് ഇകെ ടൗൺ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സജേഷ് കുമാർ പി, സിപിഒ അനൂജ് എ എന്നിവരാണ് പ്രതിയെ പിടികൂടിയത്. 

ഇവരെ കൂടാതെ കസബ എസ്ഐ ശ്രീജിത്ത് ടിഎസ്, ഡൻസാഫ് എസ്ഐ മോഹൻദാസ് ഡൻസാഫ് സ്ക്വാഡംഗങ്ങളായ സുനോജ് കെ, അർജുൻ അജിത് ടൗൺ പൊലീസ് സ്റ്റേഷനിലെ സിപിഒ ജിതേന്ദ്രൻ, വെളളയിൽ പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ ജയചന്ദ്രൻ എം, ദീപു പി എന്നിവരടങ്ങിയ സംഘമാണ് വാഹനങ്ങൾ കണ്ടെത്തി റിക്കവറി ചെയ്തത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button