‘നല്ലത് ചെയ്താല്‍ നല്ലത് നടക്കും, അതല്ല തന്റെ ലൈഫ്’, ഗോപീസുന്ദർ-അമൃത ചിത്രം വൈറലായതോടെ ബാല
കൊച്ചി: സംഗീത സംവിധായകന്‍ ഗോപീ സുന്ദറും ഗായിക അമൃത സുരേഷുമൊത്തുളള ചിത്രമാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലെ ചൂടുളള ചര്‍ച്ചാ വിഷയം. അമൃതയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന സെല്‍ഫിയാണ് ഗോപീസുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന് ചോദിച്ച് നിരവധി പേര്‍ രംഗത്ത് എത്തി. പ്രതികരണം തേടിയവര്‍ക്ക് മറുപടിയുമായി അമൃതയുടെ ആദ്യ ഭര്‍ത്താവും നടനുമായ ബാല രംഗത്ത് എത്തിയിട്ടുണ്ട്.
അമൃതയുടേയും ഗോപീസുന്ദറിന്റെയും ചിത്രം വൈറലായതോടെ നിരവധി പേരാണ് ബാലയുടെ ഫേസ്ബുക്ക് പേജില്‍ ചോദ്യങ്ങളുമായി വന്നത്. ഇതോടെ ഭാര്യയ്ക്ക് ഒപ്പം ഫേസ്ബുക്ക് വീഡിയോയില്‍ എത്തിയാണ് ബാല പ്രതികരിച്ചത്.”അവനവന്‍ ചെയ്യുന്ന തെറ്റിന് ശിക്ഷ ലഭിക്കുമെന്ന് ബാല പറയുന്നു. നല്ലത് ചെയ്താല്‍ നല്ലത് നടക്കും. ചീത്ത ചെയ്താല്‍ ചീത്തയേ കിട്ടുകയുളളൂ. ഇന്ന് രാവിലെ മുതല്‍ കുറേ പേര്‍ തന്നെ വിളിക്കുകയാണ്. അതല്ല തന്റെ ജീവിതം”.
”താന്‍ പുതിയ ലൈഫിലേക്ക് പോയി. നല്ല ഭംഗിയായി ജീവിക്കുന്നു. തങ്ങള്‍ പുതിയ വീട്ടിലേക്ക് മാറി. പുതിയ കാര്യങ്ങളിലേക്ക് പോകുന്നു. ചില ആളുകള്‍ അങ്ങനെ പോവുകയാണ് എങ്കില്‍ അങ്ങനെ പോകട്ടെ. അതില്‍ അഭിപ്രായം പറയാന്‍ തനിക്ക് അവകാശമില്ല. അവര്‍ നന്നായിരിക്കട്ടെ, ദൈവം അനുഗ്രഹിക്കട്ടെ”, ബാല പറഞ്ഞു.
2010ലാണ് ബാലയും അമൃതയും വിവാഹിതരായത്. ഇവര്‍ക്ക് അവന്തിക എന്ന ഒരു മകളുണ്ട്. 2019ലാണ് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞത്. 2021ല്‍ ബാല സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെ വിവാഹം കഴിച്ചു. മകളുടെ പേരില്‍ ബാലയും അമൃത സുരേഷും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം തര്‍ക്കമുണ്ടായത് വാര്‍ത്തയായിരുന്നു.
ഗോപീസുന്ദര്‍ നേരത്തെ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഗായിക അഭയ ഹിരണ്‍മയിയുമായി 11 വര്‍ഷം ലിവ് ഇന്‍ ടുഗെദര്‍ ആയിരുന്നു ഗോപീസുന്ദര്‍. അമൃതയുടേയും ഗോപീസുന്ദറിന്റെയും ചിത്രം വൈറലായതിന് പിന്നാലെ അഭയ ഹിരണ്‍മയി സൈബര്‍ ആക്രമണത്തിന് ഇരയാകുന്നുണ്ട്. ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് ഒരു കൂട്ടം അഭയയെ അധിക്ഷേപിക്കുന്നത്.
മാത്രമല്ല വലിയൊരു വിഭാഗം ഗോപീസുന്ദറിനേയും അമൃതയേയും അധിക്ഷേപിച്ചും രംഗത്തുണ്ട്. ഇതിൽ അഞ്ജു പാർവ്വതി പ്രബീഷ് എഴുതിയ കുറിപ്പ് വൈറലാവുകയാണ്. വായിക്കാം: ” ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ നിന്നും കഷ്ടപ്പെടാതെ ഇറങ്ങിപ്പോരൂ എന്ന് ഭിത്തികളിൽ മൈദമാവ് കൊണ്ടൊട്ടിച്ച പോസ്റ്ററുകൾ നിരത്തിയവരെല്ലാം സോഷ്യൽ മീഡിയാ കവലകളിൽ ഒത്തു കൂടി സ്മാർത്ത വിചാരണ ചെയ്യുന്ന സുന്ദരമായ കാഴ്ചയാണ് എങ്ങും. ഒക്കെയും ഈ ചിത്രത്തെ ചുറ്റിപ്പറ്റി ! അയ്യേ ഈ സിനിമാക്കാർക്ക് ഇത് തന്നെ പണിയെന്നും ബാല നേരത്തേ രക്ഷപ്പെട്ടുവെന്നും ഒക്കെ മുക്കിലും മൂലയിലും ഉഗ്രമായ ചർച്ചകൾ നടക്കുന്നുണ്ട്.
അന്യന്‍റെ സ്വകാര്യതകള്‍ക്കു മേൽ ഒളിച്ചുനോട്ടം നടത്തി അത് നാടൊട്ടുക്കും വിളമ്പുന്ന മാധ്യമങ്ങൾ അര നാഴിക ഇടവിട്ട് ഈ വാർത്ത തന്നെ പല രൂപത്തിലും ഭാവത്തിലും നിറത്തിലും ജനസമക്ഷം എത്തിക്കുന്നുമുണ്ട്. A divorced daughter is better than a dead daughter എന്നും A divorced daughter is much much better than a married daughter എന്നുമൊക്കെ രണ്ടു ദിവസം മുമ്പ് സ്റ്റാറ്റസ് ഇട്ട് ആഘോഷിച്ചവരൊക്കെ സെക്കൻ്റ് ഹാൻഡ്, ഓടി തുരുമ്പിച്ച വണ്ടി എന്നൊക്കെ എഴുതി സ്ത്രീ ശാക്തീകരണത്തിന് മാറ്റ് കൂട്ടുന്നുണ്ട്. മല്ലു പൊളിയാണ് , തേങ്ങയാണ് മാങ്ങയാണ് എന്ന് വിശേഷിപ്പിക്കുന്നവരൊക്കെയാണ് അന്യന്റെ തീർത്തും സ്വകാര്യമായ തീരുമാനങ്ങൾ കണ്ട് വായും പൊളിച്ച് ഇരവാദം മുഴക്കുന്നത്.
ഒരു മുഖത്തിനുള്ളിൽ പലതരം കാപട്യം ഒളിപ്പിച്ചു കടത്തുന്നവന്റെ പേരാണ് മലയാളി . അവന് ഒരു ദിവസം തന്നെ പല മുഖമാണ് . ഫേസ്ബുക്കിൽ പോസ്റ്റിടുമ്പോൾ ഒരു മുഖം . അടുത്തവന്റെ പോസ്റ്റിനോ വാർത്തയ്ക്കോ കീഴെ പോസ്റ്റിടുമ്പോൾ മറ്റൊരു മുഖം . വാട്സാപ്പിൽ സ്റ്റാറ്റസ് ഇടുമ്പോൾ വീണ്ടുമൊരു മുഖം . നൂറ് പോസ്റ്റിൽ പോയി നൂറ് തരം വാദഗതികൾ നിരത്തി സ്വയം ആത്മരതി അടയുന്ന കൂട്ടർ. ! സ്വന്തം കാരുണ്യഭാവത്തെ വാഴ്ത്തി പോസ്റ്റിട്ട ശേഷം അടുത്ത നിമിഷം അടുത്തൊരാളോട് എംപതി കാട്ടാനറിയാത്ത മനുഷ്യർ. എന്നാലും ഇവർ സ്വയം വിശേഷിപ്പിക്കുന്നത് പ്രബുദ്ധർ എന്നാണ്.
ഗോപി സുന്ദർ ഒന്നോ രണ്ടോ പത്തോ കെട്ടിയാലും അതിൻ്റെ ഗുണവും ദോഷവും അയാൾക്ക് മാത്രമുള്ളത്. അത് നമ്മളെയോ സമൂഹത്തെയോ യാതൊരു വിധത്തിലും ബാധിക്കുന്നതേയില്ല. ആദ്യ ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച ശേഷം അഭയയുമൊത്ത് ലിവിംഗ് ടുഗെദർ റിലേഷൻഷിപ്പിൽ പത്തു വർഷം കഴിഞ്ഞ ഒരാളെ സ്വീകരിക്കുവാനുള്ള തീരുമാനം അമൃതയുടെ മാത്രം പേഴ്സണൽ ചോയ്സ്. അതിൻ്റെ നെല്ലും പതിരും ചികയേണ്ടതും അതിൻ്റെ ഗുണവും ദോഷവും അനുഭവിക്കേണ്ടതും അവർ മാത്രം. അത് ജഡ്ജ് ചെയ്യാൻ നമ്മളാര്?
സെലിബ്രിട്ടികളുടെ ജീവിതം കോപ്പി ചെയ്ത് മാതൃകയാക്കാൻ തക്ക വെളിവുകേട് ഉള്ളവർ ഈ 2022 ൽ ഉണ്ടെങ്കിൽ അത് അവരുടെ മാത്രം ബുദ്ധിശൂന്യത. ഒരു സംഗീത സംവിധായകൻ്റെ ട്യൂണുകളെ ഇഷ്ടപ്പെടാം; ഇഷ്ടപ്പെടാതിരിക്കാം. അത് നമ്മുടെ ചോയ്സ്. ഒരു ഗായികയുടെ ആലാപനത്തെയും സ്വരമാധുരിയേയും ഇഷ്ടപ്പെടാം; ഇഷ്ടപ്പെടാതെയിരിക്കാം. അതും നമ്മുടെ ചോയ്സ്. പക്ഷേ അവരുടെ തീർത്തും പേഴ്സണലായ തീരുമാനങ്ങളെ ; അതും സമൂഹത്തിന് ഒരു രീതിയിലും ബാധകമാവാത്ത കാര്യങ്ങളെ ചോദ്യം ചെയ്യാൻ നമുക്ക് എന്തവകാശം? അവരായി; അവരുടെ പാടായി”!