31.1 C
Kottayam
Saturday, May 4, 2024

പാകിസ്താനിൽ കലാപം; സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി ജനക്കൂട്ടം( വീഡിയോ)

Must read

ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാന്‍ ഖാനെ പാകിസ്താനിലെ അര്‍ധസൈനിക വിഭാഗം അറസ്റ്റ് ചെയ്തതിന് പിന്നാലെ തലസ്ഥാന നഗരിയിലുള്‍പ്പെടെ കലാപസമാന അന്തരീക്ഷം. ഇമ്രാൻ ഖാന്‍റെ അനുയായികൾ റാവല്‍പിണ്ടിയിലെ സേനാആസ്ഥാനത്തേക്ക് ഇരച്ചുകയറുകയും കല്ലേറ് നടത്തുകയും ചെയ്തു. രാജ്യത്ത് വിവിധ ഇടങ്ങളിൽ വലിയ പ്രതിഷേധവും അക്രമ സംഭവങ്ങളും നടക്കുകയാണെന്നാണ് റിപ്പോർട്ട്.

ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് അദ്ദേഹം അധ്യക്ഷനായ പിടിഐയുടെ പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി പ്രതിഷേധസമരങ്ങള്‍ക്ക് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇമ്രാന്‍ ഖാന്റെ അനുയായികള്‍ ലാഹോര്‍ കണ്ടോന്റ്‌മെന്റിലെ കോര്‍പ്‌സ് കമാന്‍ഡേഴ്‌സ് ഹൗസിലേക്ക് ഇരച്ചുകയറി. റാവല്‍പിണ്ടിയിലെ സേനാആസ്ഥാനത്തേക്കും ഇമ്രാന്റെ അനുയായികള്‍ പ്രതിഷേധവുമായെത്തി. സേന ആസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ജനക്കൂട്ടം കല്ലേറ് നടത്തി. ആദ്യമായാണ് പാക് കരസേനാ ആസ്ഥാനത്ത് കല്ലേറുണ്ടാകുന്നത്.

അഴിമതി കേസുമായി ബന്ധപ്പെട്ട കേസിലാണ് ചൊവ്വാഴ്ച ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. അധികാരത്തില്‍നിന്ന് പുറത്തുപോയതിനു ശേഷം ഇമ്രാന്‍ ഖാനെതിരേ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി സ്വന്തമാക്കുകയും മറിച്ചുവില്‍ക്കുകയും ചെയ്തുവെന്നത് അടക്കം നിരവധി അഴിമതി കേസുകള്‍ ഇമ്രാന്‍ നേരിടുന്നുണ്ട്. കേസുകളില്‍ നിരവധി തവണ ചോദ്യംചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ടിട്ടുംഇമ്രാന്‍ ഹാജരായിരുന്നില്ല.

ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്ന് ഇമ്രാന്‍ ഖാനെ അര്‍ധസൈനിക വിഭാഗത്തിന്റെ ഒരു വലിയ സംഘം ഉദ്യോഗസ്ഥര്‍ തടഞ്ഞ് വാഹനത്തിലേക്ക് ബലമായി കയറ്റിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ നേരത്തെ പ്രചരിച്ചിരുന്നു. ഇമ്രാന്‍ ഖാനെ സൈന്യം മോശപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്തതായിഇമ്രാന്റെ പാര്‍ട്ടിയായ പിടിഐ ആരോപിക്കുകയും ചെയ്തു. ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week