തിരുവനന്തപുരം: തന്റെ ഒരു വര്‍ഷത്തെ എം.പി പെന്ഷന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി മുന്‍ എം.പിയും നടനുമായ ഇന്നസെന്റ്. മുന്‍ എം.പിയെന്ന നിലയില്‍ ലഭിക്കുന്ന ഒരു വര്‍ഷത്തെ പെന്ഷന് തുകയാണ് നല്‍കിയതെന്നും മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂര്‍ കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ എസ്. ഷാനവാസിന് കൈമാറിയെന്നും ഇന്നസെന്റ് ഫേസ്ബുക്കില്‍ കുറിച്ചു.
”25000 രൂപയാണ് എനിക്ക് ലഭിക്കുന്ന പ്രതിമാസ പെന്ഷന്. ഒരു വര്‍ഷത്തെ പെന്ഷന് തുക പൂര്‍ണ്ണമായും ദുരിതബാധിതര്‍ക്കായി നീക്കി വെക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന നിക്ഷിപ്ത താല്പര്യക്കാരുടെ പ്രചാരണത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണ്.
എം.പി ആയിരിക്കേ, രണ്ട് സന്ദര്‍ഭങ്ങളിലായി 6 മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഓഖി ദുരന്തകാലത്ത് 2 മാസത്തേയും 2018ലെ പ്രളയകാലത്ത് 4 മാസത്തേയും ശമ്പളമാണ് ഇപ്രകാരം നല്‍കിയത്. ഒട്ടാകെ 3 ലക്ഷം രൂപ അന്നും സംഭാവനയായി മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറി.
ഇതൊക്കെ വിളിച്ചു പറയുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഇത് ആവര്‍ത്തിച്ചാല്‍, അത് അതിജീവിക്കുന്ന കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും. ഒപ്പം ഈ ദുരിതാശ്വാസനിധിയെക്കുറിച്ച് നിക്ഷിപ്ത താല്പര്യക്കാര് നടത്തുന്ന പ്രചാരണത്തെ നേരിടേണ്ടതുണ്ടെന്നും ഞാന്‍ കരുതുന്നു ഇന്നസെന്റ് പറഞ്ഞു.