കൊച്ചി:മലയാള സിനിമയിലെ പകരക്കാരില്ലാത്ത നടനാണ് ഇന്നസെന്റ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും തീരാ വേദനയായി മാറിയത്. നിരവധി താരങ്ങളാണ് അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ചത്. സഹപ്രവർത്തകർക്കെല്ലാം അത്രയേറെ പ്രിയങ്കരനായിരുന്നു ഇന്നസെന്റ്. ഇപ്പോഴിതാ, നടനും അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവും ഇന്നസെന്റിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ്.
ആദ്യ കാലങ്ങളിൽ ഒരുമിച്ച് സിനിമകളിൽ അഭിനയിച്ചിട്ടുള്ളതാണ് ഇരുവരും കൂടാതെ ഒരു സമയത്ത് അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിലൊക്കെ ഇന്നസെന്റിനൊപ്പം ചേർന്ന് നിന്ന് പ്രവർത്തിച്ചിരുന്ന ആളാണ് ഇടവേള ബാബു. ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുമ്പോഴെല്ലാം നിത്യ സന്ദർശകനായി ഇടവേള ബാബു ഉണ്ടായിരുന്നു. മരണശേഷം എല്ലാ കാര്യങ്ങളും മുന്നിൽ നിന്ന് ചെയ്തതും ഇടവേള ബാബു തന്നെ ആയിരുന്നു.
അദ്ദേഹത്തിന്റെ മരണം രണ്ടുദിവസം മുൻപേ തന്നെ താൻ വിഷ്വലൈസ് ചെയ്തിരുന്നു എന്നാണ് ഇടവേള ബാബു പറഞ്ഞത്. എങ്ങനെ കൊണ്ടുപോകണം എങ്ങനെ ചെയ്യണം എന്നെല്ലാം ചിന്തിച്ചു വെച്ചിരുന്നു. ചിലർ പറയില്ലേ യാഥാർഥ്യങ്ങൾക്ക് മുൻപേ സഞ്ചരിക്കണം എന്ന് അതുപോലെ. അവസാന നിമിഷം വരെ പുള്ളി തിരികെ വരാൻ വേണ്ടി എല്ലാം ചെയ്തിരുന്നു. അവിടെ സാമ്പത്തികമൊന്നും ഒരു വിഷയം ആയിരുന്നില്ല.
ഞാൻ ബോധം ഇല്ലാതെ കിടന്നാലും പിച്ച ചട്ടി എടുത്ത് നടക്കരുതെന്ന് ചേട്ടൻ എന്നോട് പറഞ്ഞിരുന്നു. അമ്മയുടെ ഇൻഷുറൻസ് ഒക്കെ ചേട്ടൻ എടുത്തിരുന്നു. അവസാന നിമിഷം വരെ ചേട്ടന് ഒരു ബുദ്ധിമുട്ടും വരരുതെന്ന് എനിക്കും സോണറ്റിനും (ഇന്നസെന്റിന്റെ മകൻ) ഉണ്ടായിരുന്നു. ആരുടേയും കൈയ്യിൽ നിന്നും ചികിത്സയ്ക്കായി കാശ് വാങ്ങരുതെന്ന നിർബന്ധവും ഉണ്ടായിരുന്നു അദ്ദേഹത്തിനെന്നും ഇടവേള ബാബു പറഞ്ഞു.
അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളാണ് ഇന്ന് കാണുന്ന ഇന്നസെന്റാക്കി അദ്ദേഹത്തെ മാറ്റിയതെന്നും ഇടവേള ബാബു പറഞ്ഞു. ആദ്യ സമയങ്ങളിൽ ചെന്നൈയിലെ ചേട്ടന്റെ വീട്ടിലേക്ക് ചെല്ലുന്ന കാര്യം പറയുമ്പോൾ അദ്ദേഹം എതിർത്തിരുന്നു. ഒടുവിൽ ഒരിക്കൽ എന്നോട് വരാൻ പറഞ്ഞപ്പോൾ മനസ്സിനെ പാകപ്പെടുത്തിയിട്ടാകണം വരുന്നത് എന്നാണ് പറഞ്ഞത്. ടൗണിൽ നിന്നും കുറെ ദൂരെ ആയിരുന്നു താമസം. അതും ഒരു ചെറിയ വാടകവീട്ടിൽ, ഇരിക്കാൻ ഒരു കസേരപോലും അവിടെ ഉണ്ടായിരുന്നില്ല. അത്രയും ദുരവസ്ഥയിൽ കഴിഞ്ഞിട്ടുണ്ട്.
അവിടെ നിന്നായിരുന്നു ചേട്ടന്റെ വളർച്ച. അവസാനം പുതിയ വീട് പണിതപ്പോൾ എന്തിനാണ് ഇതെന്ന് ഞാൻ ചോദിച്ചിരുന്നു. ഏറ്റവും നല്ല സംവിധാനം ഉള്ള വീട് വേണമെന്ന് ചേട്ടന് നിർബന്ധമായിരുന്നു. പല തീരുമാനങ്ങളും അദ്ദേഹം ജീവിതത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. എല്ലാം സാധിച്ചിട്ടാണ് അദ്ദേഹം പോയിരിക്കുന്നത്. സ്നേഹിക്കുന്നവർക്ക് നഷ്ടം തന്നെയാണ് പക്ഷെ എല്ലാം നേടിയ ആളാണ് ചേട്ടനെന്നും ഇടവേള ബാബു പറഞ്ഞു.
എന്നെ മാന്യമായി പറഞ്ഞയക്കണം എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. മരിച്ചു കഴിഞ്ഞാൽ ആരൊക്കെ വരുമെന്ന് വരെ ചേട്ടൻ പറഞ്ഞിരുന്നു. അതുപോലെ തന്നെ ആളുകൾ വന്നിരുന്നു. പക്ഷെ ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറം ആയിരുന്നു അദ്ദേഹത്തിനെ കാണാൻ ആളുകൾ എത്തിയത്. ഗംഗാധരൻ ഡോക്ടർ അദ്ദേഹത്തിന് ദൈവമായിരുന്നു. കോവിഡ് വന്ന് ലങ്സ് വല പോലെയായി എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഒരിക്കലും അദ്ദേഹം മരിച്ചത് ക്യാൻസർ കൊണ്ട് ആയിരുന്നില്ല.
എന്റെ അവസ്ഥ ഇപ്പോൾ നിർജീവമായ മനസ്സാണ്. സങ്കടം ഒക്കെ പോയി, അതിനു അപ്പുറത്താണ്. മരണം നമ്മൾ പ്രതീക്ഷിച്ചതാണ്. അദ്ദേഹം വിട്ടുപോകുന്നു എന്ന് ആദ്യം മനസിലാക്കിയത് ഞാനാണ്. മൂന്ന് ആഴ്ചകൾക്ക് മുൻപാണ് ചില കാര്യങ്ങൾ പറയണം എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം എന്നെ വിളിക്കുന്നത്. താൻ ഒരു രോഗിയാണെന്ന് മനസിലാകുന്നത് ഇപ്പോഴാണെന്ന് അന്ന് അദ്ദേഹം പറഞ്ഞു.