ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ചികിത്സ തേടിയെത്തിയ മുപ്പതുകാരിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത വ്യാജ ഡോക്ടർ അറസ്റ്റിലായി. സഈദ് ഖാൻ (ഷാഹിദ്) എന്നയാളെയാണ് ഇൻഡോർ പോലീസ് പിടികൂടിയത്. പ്രതിയുടെ അറസ്റ്റിന് പിന്നാലെ പ്രകോപിതരായ ഒരു സംഘം ആളുകൾ ഇയാളുടെ വീട് അടിച്ചുതകർക്കുകയും തീയിടുകയും ചെയ്തു. ഇയാൾക്ക് അംഗീകൃത മെഡിക്കൽ ബിരുദമില്ലെന്നും വ്യാജരേഖകൾ ഉപയോഗിച്ചാണ് ക്ലിനിക്ക് നടത്തിയിരുന്നതെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയറുവേദനയെത്തുടർന്ന് സഈദ് ഖാന്റെ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ യുവതിയെ ഇഞ്ചക്ഷൻ നൽകി മയക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തിയ പ്രതി, ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പത്താൽപാനിയിലെ റിസോർട്ടിലെത്തിച്ച് വീണ്ടും പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത (BNS), മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം (2021) എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
അറസ്റ്റ് വാർത്ത പുറത്തുവന്നതിന് പിന്നാലെ ഒരു സംഘം ആളുകൾ സഈദ് ഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും ഫർണിച്ചറുകളും മറ്റും അടിച്ചുതകർക്കുകയും ചെയ്തു. വീടിന്റെ വാതിലും മുറ്റത്തിരുന്ന ബൈക്കും ഇവർ കത്തിച്ചു. അക്രമ സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ പോലീസിനെ വിന്യസിച്ചു.
സഈദ് ഖാന്റെ ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ ഇയാൾക്ക് ഡോക്ടറായി പ്രവർത്തിക്കാൻ ആവശ്യമായ ബിരുദമോ രജിസ്‌ട്രേഷനോ ഇല്ലെന്ന് അധികൃതർ കണ്ടെത്തി. അനുമതിയില്ലാതെ വൻതോതിൽ മരുന്നുകൾ ശേഖരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് രാകേഷ് പാർമറുടെ നേതൃത്വത്തിലുള്ള സംഘം ക്ലിനിക്ക് സീൽ ചെയ്യുകയും ഇയാൾക്കെതിരെ പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ക്ലിനിക്കിനോട് ചേർന്ന് ചെറിയൊരു ആശുപത്രിയും ഇയാൾ അനധികൃതമായി പ്രവർത്തിപ്പിച്ചിരുന്നു.
ഇൻഡോറിലെ വ്യാജ ഡോക്ടർമാരുടെ സാന്നിധ്യത്തെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സഈദ് ഖാൻ എത്ര നാളായി ഇത്തരത്തിൽ ചികിത്സ നടത്തിയിരുന്നവെന്നും മറ്റാരെയെങ്കിലും സമാനമായ രീതിയിൽ ഉപദ്രവിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
A fake doctor named Saeed Khan (Shahid) was arrested in Indore, Madhya Pradesh, for allegedly drugging and raping a 30-year-old patient and blackmailing her with private photos. Following his arrest, an angry mob attacked and set fire to his house. Authorities revealed he practiced without a valid medical degree, leading to the sealing of his clinic and an additional FIR for medical malpractice


