അബുദബി:മുംബൈയിൽ നിന്നുള്ള വിമാനത്തിന്റെ കാർഗോ കംപാർട്ട്മെന്റിൽ ഉറങ്ങിപ്പോയ ലോഡിങ് തൊഴിലാളി ചെന്നിറങ്ങിയത് അബുദാബിയിൽ. ഞായറാഴ്ച പുറപ്പെട്ട ഇൻഡിഗോയുടെ മുംബൈ–അബുദാബി വിമാനത്തിലാണ് സംഭവം. യുഎഇയുടെ തലസ്ഥാനമായ അബുദാബിയിൽ ഇദ്ദേഹം സുരക്ഷിതനായി എത്തിയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അധികൃതർ പറഞ്ഞു.
വിമാനത്തിലേക്ക് സാധനങ്ങൾ കയറ്റിയ ശേഷം ഇയാൾ അതിനകത്ത് വിശ്രമിക്കുകയായിരുന്നു. ക്ഷീണംകൊണ്ട് ഉറങ്ങിപ്പോയ ഇദ്ദേഹം അകത്തുള്ളത് ശ്രദ്ധിക്കാതെ കാർഗോയുടെ വാതിൽ അടയ്ക്കുകയായിരുന്നു. വിമാനം മുംബൈ വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്യുമ്പോഴാണ് തൊഴിലാളി ഉണരുന്നതെന്നും അധികൃതർ വ്യക്തമാക്കി.
അബുദാബിയില്‍ ഇറങ്ങിയ ശേഷം അവിടുത്തെ അധികൃതര്‍ ലോഡിങ് തൊഴിലാളിയെ മെഡിക്കൽ പരിശോധന നടത്തിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയ്ക്ക് ശേഷം അബുദാബി അധികൃതരുടെ അനുമതിയോടെ അതേ വിമാനത്തില്‍ തന്നെ യാത്രക്കാരനായി അദ്ദേഹത്തെ മുംബൈയിലേയ്ക്ക് തിരിച്ചയയ്ക്കുകയായിരുന്നെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഡിസിജിഎ ഉദ്യോഗസ്ഥരും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വക്താവും അറിയിച്ചു.