രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

ലക്‌നൗ: രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ധര്‍മേന്ദ്ര പ്രതാഭ് സിംഗ് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നരേഷ് പട്ടേലാണ് ഇദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെയും സംസ്ഥാന നേതാക്കളുടേയും സാന്നിധ്യത്തില്‍ ധര്‍മേന്ദ്ര പ്രതാഭ് സിംഗ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. ഉത്തര്‍ പ്രദേശിലെ പ്രതാഭ് ഘട്ട് സ്വദേശിയാണ് ധര്‍മേന്ദ്ര പ്രതാഭ് സിംഗ്.

സമാജ്‌വാദി പാര്‍ട്ടിയുടെ നയങ്ങളിലും ആകൃഷ്ടനായാണ് ധര്‍മേന്ദ്ര പ്രതാഭ് സിംഗ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തതെന്നും അദ്ദേഹത്തിന്റെ വരവ് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സമാജ്‌വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലടക്കം ധര്‍മേന്ദ്രയെ പ്രയോജനപ്പെടുത്താനാണ് പാര്‍ട്ടിയുടെ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനുള്ള റെക്കോര്‍ഡുള്ള ധര്‍മേന്ദ്രയുടെ ഉയരം എട്ടടി ഒരിഞ്ചാണ്. ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യന് ധര്‍മേന്ദ്രയേക്കാള്‍ 11 സെന്റീമീറ്റര്‍ കൂടുതല്‍ ഉയരമുണ്ട്. അതേസമയം ഫെബ്രുവരി പത്തിനും മാര്‍ച്ച് ഏഴിനുമിടയില്‍ ഏഴു ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News