NationalNews

ഇന്ത്യയുടെ പേര് ഭാരതം എന്നാക്കും, താൽപര്യമില്ലാത്തവർക്ക് രാജ്യം വിട്ടുപോകാമെന്ന് ബിജെപി നേതാവ്

കൊല്‍ക്കത്ത: രാജ്യത്തിന്റെ പേര് ഭാരതം എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും പേരുമാറ്റത്തില്‍ താല്‍പര്യമില്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്നും ബിജെപി നേതാവ്. പശ്ചിമബംഗാളിലെ മേദിനിപുരില്‍ നിന്നുള്ള പാര്‍ലമെന്റംഗവും മുതിര്‍ന്ന ബിജെപി നേതാവുമായ ദിലീപ് ഘോഷാണ് വിവാദ പ്രസ്താവന നടത്തിയത്. പശ്ചിമബംഗാളിൽ അധികാരത്തിൽ വന്നാൽ കൊല്‍ക്കത്തയില്‍ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ പ്രതിമകള്‍ നീക്കംചെയ്യുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ഖരഗ്പുരില്‍ ഞായറാഴ്ച നടന്ന ‘ചായ് പെ ചര്‍ച്ച’ എന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു ബിജെപിയുടെ മുന്‍ ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ ഘോഷിന്റെ പ്രസ്താവന. “പശ്ചിമബംഗാളില്‍ നമ്മുടെ പാര്‍ട്ടി അധികാരത്തില്‍ വരുന്നതോടെ കൊല്‍ക്കത്തയില്‍ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ എല്ലാ പ്രതിമകളും നീക്കംചെയ്യും. ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റും. അക്കാര്യത്തില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് രാജ്യം വിട്ടുപോകാനുള്ള സ്വാതന്ത്ര്യമുണ്ട്”, ഘോഷ് പറഞ്ഞു.

രാജ്യത്തിന് ഒരേസമയം രണ്ട് പേരുകള്‍ നിലവിലുള്ളത് ശരിയായ കാര്യമല്ലെന്നും ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ലോകരാഷ്ട്രത്തലവന്‍മാര്‍ ഡല്‍ഹിയില്‍ സന്നിഹിതരായിരിക്കുന്ന ഈ സമയം രാജ്യത്തിന്റെ പേരുമാറ്റത്തിന് ഉചിതമായ സന്ദര്‍ഭമാണെന്നും ബംഗാളിലെ മറ്റൊരു ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ ഐക്യസഖ്യമായ ഇന്ത്യയെ ഭയപ്പെട്ടിരിക്കുന്ന ബിജെപി യഥാര്‍ഥപ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് രാജ്യത്തിന്റെ പേരുമാറ്റമുള്‍പ്പെടെയുള്ളവയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് ശന്തനു സെന്‍ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button