‘അരവിന്ദ് സ്വാമി എന്റെ മകനാണ്, ദത്തുനൽകിയതാണ്’; വെളിപ്പെടുത്തലുമായി നടൻ
ചെന്നൈ:മണിരത്നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റംകുറിച്ച് മണിരത്നത്തിന്റെ തന്നെ റോജയിലൂടെ ഇന്ത്യയെമ്പാടും തരംഗം സൃഷ്ടിച്ച നടനാണ് അരവിന്ദ് സ്വാമി. ഡാഡി, ദേവരാഗം, ഒറ്റ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും അദ്ദേഹമെത്തി. ഇടക്കാലത്ത് സിനിമയിൽനിന്ന് വിട്ടുനിന്നിരുന്ന അദ്ദേഹം കടൽ, തനി ഒരുവൻ എന്നീ ചിത്രങ്ങളിലൂടെ വൻ തിരിച്ചുവരവാണ് നടത്തിയത്. അരവിന്ദ് സ്വാമിയേക്കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് തമിഴിലെ സീനിയർ നടനായ ഡൽഹി കുമാർ.
അരവിന്ദ് സ്വാമി തന്റെ മകനാണെന്നാണ് ഡൽഹി കുമാർ അവകാശപ്പെട്ടിരിക്കുന്നത്. ബിഹൈൻഡ് വുഡ്സ് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ജനിച്ചയുടനെ അരവിന്ദ് സ്വാമിയെ സഹോദരിക്ക് ദത്ത് നൽകിയെന്നും പിന്നീട് മകനുമായി ആ ഒരു ബന്ധം നിലനിർത്താൻ കഴിഞ്ഞില്ലെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞു.
‘അരവിന്ദ് സ്വാമി എന്റെ മകനാണ്. ജനിച്ചയുടനെ സഹോദരി ദത്തെടുക്കുകയായിരുന്നു. അവൻ അവരുമായി വേഗം പൊരുത്തപ്പെട്ടു. കുടുംബത്തിൽ എന്തെങ്കിലും വിശേഷമുണ്ടെങ്കിൽ മാത്രമേ വരാറുള്ളൂ. വളരെ പെട്ടെന്ന് തന്നെ അവിടെ നിന്ന് പോവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ പിന്നീട് ആ ബന്ധം നിലനിർത്താൻ കഴിഞ്ഞില്ല’. ഡൽഹി കുമാർ പറഞ്ഞു.
അരവിന്ദ് സ്വാമിക്കൊപ്പം സിനിമ ചെയ്യുന്നതിൽ ബുദ്ധിമുട്ടില്ലെന്നും ഡൽഹി കുമാർ വ്യക്തമാക്കി. നല്ലൊരു അവസരം ലഭിച്ചാൽ സിനിമ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിക്കിപീഡിയയിൽ അരവിന്ദ് സ്വാമിയുടെ അച്ഛന്റെ പേര് വി. ഡി സ്വാമി എന്നാണ്. വ്യവസായിയും ചെന്നൈയിലെ പ്രമുഖ കണ്ണാശുപത്രിയുടെ സ്ഥാപകനുമാണ് ഇദ്ദേഹം.