ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡിനുള്ള വാക്‌സിന്‍ ആഗസ്റ്റിനകം ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഹൈദരാബാദിലുള്ള ഭാരത് ബയോടെകുമായി സഹകരിച്ചാണ് മരുന്ന് ലഭ്യമാക്കുന്നത്.
ആഗസ്റ്റ് 15നകം മരുന്ന് ലഭ്യമാക്കണമെന്ന് ഭാരത് ബയോടെകിനോട് ആവശ്യപ്പെട്ടതായി ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. എല്ലാ ഗുണനിലവാര പരിശോധനകള്‍ക്കും ശേഷമായിരിക്കും മരുന്ന് ലഭ്യമാക്കുകയെന്നും അതിനായി 12 ഓളം കേന്ദ്രങ്ങളെ തെരഞ്ഞെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുകയാണ്. ഒറ്റദിവസം 20,000ത്തില്‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 20,903 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 6,25,544 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 379 മരണവും സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 18,213 ആയി ഉയര്‍ന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,79,892 പേര്‍ രോഗമുക്തി നേടി. 2,27,439 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 60.72 ശതമാനമായി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. 1,86,626 പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 8178 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. മഹാരാഷ്ട്രക്ക് പുറമെ തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നിവയാണ് രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ള മറ്റു സംസ്ഥാനങ്ങള്‍.
തമിഴ്‌നാട്ടില്‍ 4,343 പേര്‍ക്കാണ് വ്യാഴാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത്. 98,000 പേര്‍ക്ക് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ രോഗബാധിതരില്‍ 63.6 ശതമാനവും ചെന്നൈയിലാണ്. കര്‍ണാടകയില്‍ 18,000 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ബംഗളൂരുവിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍.