30 C
Kottayam
Monday, May 13, 2024

ഖത്തറില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട എട്ട് പേര്‍ക്കും മോചനം; ഇന്ത്യയുടെ നയതന്ത്ര ഇടപെടല്‍ വിജയകരം

Must read

ദോഹ: ചാരവൃത്തി ആരോപിച്ച് ഖത്തറില്‍ തടവിലാക്കപ്പെട്ട മലയാളി അടക്കം എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്കും മോചനം. കോടതി വധശിക്ഷക്ക് വിധിച്ച എട്ട് പേരേയും ഖത്തര്‍ വെറുതെ വിട്ടു. ഇതോടെ മാസങ്ങള്‍ നീണ്ട ഇന്ത്യയുടെ നയതന്ത്ര ഇടപെടലാണ് വിജയം കാണുന്നത്. ഖത്തറിന്റെ നടപടിയെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. വെറുതെ വിട്ട എട്ട് പേരില്‍ ഏഴ് പേരും ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഖത്തറില്‍ തടങ്കലിലായ ദഹ്റ ഗ്ലോബല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന എട്ട് ഇന്ത്യന്‍ പൗരന്മാരുടെ മോചനത്തെ ഇന്ത്യാ ഗവണ്‍മെന്റ് സ്വാഗതം ചെയ്യുന്നു. അവരില്‍ എട്ട് പേരില്‍ ഏഴ് പേര്‍ ഇന്ത്യയിലേക്ക് മടങ്ങി. ഈ പൗരന്മാരുടെ മോചനവും നാട്ടിലേക്ക് വരലും സാധ്യമാക്കാനുള്ള ഖത്തര്‍ സ്റ്റേറ്റ് അമീറിന്റെ തീരുമാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ,’ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അല്‍ ദഹ്റ ഗ്ലോബല്‍ കമ്പനി എന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മലയാളിയായ രാഗേഷ് ഗോപകുമാര്‍ അടക്കമുള്ളവരെയാണ് ചാരവൃത്തി ആരോപിച്ച് ഖത്തര്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അല്‍ ദഹ്റ ഗ്ലോബല്‍ കേസില്‍ അറസ്റ്റിലായ എട്ട് ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ വധശിക്ഷ ഖത്തര്‍ കോടതി റദ്ദാക്കിയിരുന്നു. വധശിക്ഷ ജയില്‍ ശിക്ഷയായി കുറക്കുകയായിരുന്നു.

നാവിക സേനാംഗങ്ങള്‍ക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി അംഗീകരിച്ചതിന് പിന്നാലെയായിരുന്നു ഇത്. ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത എന്നിവരായിരുന്നു രാഗേഷിനെ കൂടാതെ ഖത്തറില്‍ പിടിയിലായത്.

അല്‍ ദഹ്റയ്ക്കൊപ്പം ജോലി ചെയ്തിരുന്ന ഇവരെ ചാരവൃത്തി ആരോപിച്ച് 2022 ഓഗസ്റ്റില്‍ ആണ് അറസ്റ്റ് ചെയ്തത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഖത്തര്‍ അധികൃതരോ ന്യൂഡല്‍ഹിയോ ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരായ കുറ്റാരോപണം പരസ്യമാക്കിയില്ല. 2023 മാര്‍ച്ച് 25ന് ഇവര്‍ക്കെതിരെ കുറ്റപത്രം നല്‍കുകയും ഒക്ടോബര്‍ 26-നാണ് ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി എട്ട് പേര്‍ക്കും വധശിക്ഷ വിധിക്കുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week