രക്ഷാദൗത്യത്തിന് സഹകരിക്കുന്ന യുക്രൈന്‍ അധികൃതര്‍ക്ക് വിദേശകാര്യ മന്ത്രാലയം നന്ദി പറഞ്ഞു. യുക്രൈന്‍ അധികൃതരുടെ സഹകരണത്തോടെ ഒട്ടേറെ ഇന്ത്യക്കാര്‍ ഇന്നലെ ഖാര്‍കീവില്‍ നിന്ന് പുറത്തുകടന്നു. ഖാര്‍കീവില്‍ നിന്ന് പടിഞ്ഞാറന്‍ ഭാഗത്തേക്ക് പോകാന്‍ കൂടുതല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തണമെന്ന് യുക്രൈനോട് അഭ്യര്‍ത്ഥിച്ചു.
ഇന്ത്യക്കാരെ യുക്രൈനില്‍ ബന്ദിയാക്കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അത്തരത്തിലുള്ള ഒരു റിപ്പോര്‍ട്ടും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. യുക്രൈന്‍ ഇന്ത്യക്കാരെ ബന്ദികളാക്കി മനുഷ്യകവചമാക്കുന്നുവെന്ന് റഷ്യ ആരോപിച്ചതിന് പിന്നാലെയാണ് പ്രതികരണം.
ഇന്ത്യക്കാര്‍ക്ക് താമസം അടക്കം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന യുക്രൈന്റെ പടിഞ്ഞാന്‍ അതിര്‍ത്തിയിലെ രാജ്യങ്ങള്‍ക്കും വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. റഷ്യ, റൊമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോള്‍ഡോവ എന്നീ രാജ്യങ്ങളുമായി രക്ഷാദൗത്യം ഏകോപിപ്പിക്കുന്നുവെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
അതേസമയം യുക്രൈനിലെ സൈനിക ആക്രമണം റഷ്യ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ പ്രമേയം പാസ്സാക്കി. പ്രമേയത്തെ 141 രാജ്യങ്ങള്‍ അനുകൂലിച്ചു. അഞ്ചു രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
റഷ്യ, ബെലാറൂസ്, വടക്കന്‍ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. ഇന്ത്യക്ക് പുറമേ ഇറാനും ചൈനയും പാകിസ്ഥാനും വോട്ടെടുപ്പില്‍ വിട്ടുനിന്നു.ഏതാനും ദിവസം മുമ്പ് റഷ്യന്‍ അധിനിവേശത്തെ എതിര്‍ത്ത് യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു. ഇന്ത്യയ്ക്ക് പുറമേ ചൈനയും യുഎഇയും വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല.
സൈനിക ആക്രമണം ശക്തമായി തുടരുന്നതിനിടെ, റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട് ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. വെടിനിര്‍ത്തല്‍ അടക്കം ചര്‍ച്ചയാകാമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.റഷ്യന്‍ സംഘത്തലവന്‍ വ്ലാഡിമിര്‍ മെഡിന്‍സ്‌കിയാണ് റഷ്യന്‍ നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ചകള്‍ക്കായി റഷ്യന്‍ സംഘം സ്ഥലത്തെത്തി. യുക്രൈന്‍ സംഘം ഇന്നെത്തും.
ഇന്നലെ നടത്താന്‍ തീരുമാനിച്ച ചര്‍ച്ച പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.ചര്‍ച്ച നടത്തണമെങ്കില്‍ റഷ്യ ബോംബാക്രമണം നിര്‍ത്തണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. അതേസമയം റഷ്യന്‍ സേന കീവില്‍ ആക്രമണം കടുപ്പിക്കുകയാണ്. നഗര കേന്ദ്രങ്ങളിലും പുറത്തും സ്ഫോടനങ്ങളുണ്ടായി. ജനവാസകേന്ദ്രങ്ങളെ റഷ്യ ലക്ഷ്യം വെക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.