ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ പ്രധാന ആശ്രയമായ ഇന്ത്യൻ റെയിൽവേയിൽ അടുത്ത മാസം ഒന്നു മുതൽ (ജൂലായ് 1) വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും റെയിൽവേ സേവനങ്ങൾ കുറ്റമറ്റതാക്കാനും ലക്ഷ്യമിട്ട് പിഴ തുകകളിൽ വലിയ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇതിനായി ഈ മാസം 19-ാം തീയതി കേന്ദ്ര റെയിൽവേ മന്ത്രാലയം പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ചെറുകിട നിയമലംഘനങ്ങൾ ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിൽ നിന്ന് ഒഴിവാക്കി, പകരം വേഗത്തിൽ കനത്ത സാമ്പത്തിക പിഴ ഈടാക്കുന്ന ‘ജൻ വിശ്വാസ് (ഭേദഗതി) ആക്ട് 2026’ പ്രകാരമാണ് പുതിയ പരിഷ്കാരങ്ങൾ.
പുതിയ നിയമപ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് ലഭിക്കുന്ന ശിക്ഷ കടുപ്പമേറിയതാകും. നിലവിൽ 250 രൂപയായിരുന്ന കുറഞ്ഞ പിഴ തുക ജൂലായ് ഒന്ന് മുതൽ 500 രൂപയായി ഇരട്ടിയാക്കി വർദ്ധിപ്പിച്ചു. ടിക്കറ്റില്ലാത്ത യാത്രക്കാർ യഥാർത്ഥ യാത്രാക്കൂലിക്ക് പുറമെ ഈ 500 രൂപ കൂടി പിഴയായി ഒടുക്കേണ്ടി വരും. സമാനമായി മറ്റൊരാളുടെ പേരിിലുള്ള ടിക്കറ്റോ പാസോ ഉപയോഗിച്ച് യാത്ര ചെയ്യുന്നവരിൽ നിന്നും 500 രൂപ പിഴ ഈടാക്കുകയും ടിക്കറ്റ് ഉടനടി കണ്ടുകെട്ടുകയും ചെയ്യും. വ്യാജ ടിക്കറ്റ് മാഫിയകളെയും അനധികൃത യാത്രകളെയും തടയാൻ റെയിൽവേ ബോർഡ് കർശന നിർദ്ദേശമാണ് ടിക്കറ്റ് പരിശോധകർക്ക് (TTE) നൽകിയിരിക്കുന്നത്.
വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് സ്ത്രീകളുടെ കോച്ചുകളിൽ അതിക്രമിച്ചു കയറുന്ന പുരുഷന്മാർക്കെതിരെ റെയിൽവേ മന്ത്രാലയം കർശന നടപടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വനിതാ സംവരണ കോച്ചുകളിലോ ബെർത്തുകളിലോ അനുമതിയില്ലാതെ യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് 2,500 രൂപയായിരിക്കും പിഴ. ആർപിഎഫിന്റെ (RPF) നേതൃത്വത്തിൽ ഇതിനായി പ്രത്യേക പരിശോധനകൾ നടത്തും. ഇതിനുപുറമെ, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും അനുമതിയില്ലാതെ കച്ചവടം നടത്തുന്ന അനധികൃത ഹോക്കർമാർക്ക് 2,000 രൂപ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ പിഴ 5,000 രൂപയായി ഉയർത്താനാണ് പുതിയ വ്യവസ്ഥ.
റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും ട്രെയിനുകളിലും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പുകവലി പൂർണ്ണമായും തടയാനും പുതിയ നിയമം ലക്ഷ്യമിടുന്നു. സ്റ്റേഷൻ പരിസരത്ത് പുകവലിച്ചാൽ ഇനി മുതൽ 2,000 രൂപ പിഴയായി ഒടുക്കേണ്ടി വരും. കൂടാതെ സഹയാത്രികരോട് മോശമായി പെരുമാറുന്നവർക്കും അശ്ലീല വാക്കുകൾ ഉപയോഗിക്കുന്നവർക്കും എതിരെ കർശനമായ നടപടികൾ ഉണ്ടാകും. നീണ്ട കോടതി നടപടികൾക്കായി കാത്തുനിൽക്കാതെ റെയിൽവേ ഉദ്യോഗസ്ഥർക്ക് സംഭവസ്ഥലത്തു വെച്ചുതന്നെ പിഴ ഈടാക്കാനുള്ള പ്രത്യേക അധികാരവും പുതിയ നിയമത്തിലൂടെ മന്ത്രാലയം നൽകിയിട്ടുണ്ട്.
ട്രെയിൻ യാത്രകളിൽ സുരക്ഷാ ഭീഷണിയുയർത്തുന്ന അപകടകരമായ വസ്തുക്കൾ, ഗ്യാസ് സിലിണ്ടറുകൾ, പടക്കങ്ങൾ, നിരോധിത ആസിഡുകൾ തുടങ്ങിയവ കൊണ്ടുപോകുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് കാത്തിരിക്കുന്നത്. ഇത്തരം അനധികൃതവും അപകടകരവുമായ വസ്തുക്കൾ കൈവശം വെയ്ക്കുന്നവരിൽ നിന്ന് കുറഞ്ഞത് 10,000 രൂപ പിഴ ഈടാക്കും. തുക അടയ്ക്കാൻ വിസമ്മതിച്ചാൽ കേസ് കോടതിയിലേക്ക് കൈമാറുകയും ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തുകയും ചെയ്യും. യാത്രാ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും സുഗമമായ യാത്രയ്ക്കായി റെയിൽവേ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
എന്തൊക്കെയാണ് മാറ്റങ്ങൾ എന്നറിയാം
- ടിക്കറ്റില്ലാത്ത യാത്രയ്ക്ക്: ₹500 (മുമ്പ് ₹250) + യാത്രാക്കൂലി
- മറ്റൊരാളുടെ ടിക്കറ്റ് ഉപയോഗിച്ചാൽ: ₹500 + ടിക്കറ്റ് റദ്ദാക്കും
- ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർക്ക്: ₹2,500
- അനധികൃത കച്ചവടം (ഹോക്കിംഗ്): ₹2,000 (ആവർത്തിച്ചാൽ ₹5,000)
- സ്റ്റേഷൻ പരിസരത്തെ പുകവലി: ₹2,000
- അപകടകരമായ/നിരോധിത വസ്തുക്കൾ കടത്തിയാൽ: കുറഞ്ഞത് ₹10,000 പിഴ (അല്ലെങ്കിൽ 1 വർഷം വരെ തടവ്)
English Summary
The Indian Railways is all set to implement stricter penalties for various offenses under the Jan Vishwas (Amendment of Provisions) Act, 2026, starting July 1. Following a gazette notification issued by the Ministry of Railways, the minimum penalty for ticketless travel or travelling beyond authorized distance will be doubled from ₹250 to ₹500. Additionally, male passengers entering coaches reserved for women will face a hefty fine of ₹2,500. Unauthorized hawking at stations will attract a ₹2,000 penalty, while smoking on railway premises will lead to a ₹2,000 fine. Carrying dangerous or prohibited items like inflammable goods will attract a minimum fine of ₹10,000 or up to one year of imprisonment. The amendments aim to decriminalize minor offenses into monetary penalties for swifter enforcement and enhanced passenger safety.


