കേരളത്തില്‍ 65 ലക്ഷം പേര്‍ക്ക് കോവിഡ് ബാധ ഉണ്ടായേക്കും! ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ഐ.എം.എ

കൊച്ചി: ലോകരാജ്യങ്ങള്‍ക്ക് തന്നെ ഭീഷണിയായി ആഗോളതലത്തില്‍ പരിഭ്രാന്ത്രി പടര്‍ത്തുകയാണ് കോവിഡ്-19. 8300ഓളം പേര്‍ ഇതിനോടകം കോവിഡ് 19 രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇപ്പോഴിതാ കേരളത്തെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്ത് 19 ശതമാനം പേര്‍ക്ക് അതായത് 65 ലക്ഷം പേര്‍ക്ക് കോവിഡ് ബാധ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇത്രയും രോഗികളെ ചികിത്സിക്കാനുള്ള കിടക്കകളടക്കം കേരളത്തില്‍ വേണ്ടത്രയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ രോഗികളുണ്ടാകുമെന്ന് മുന്നില്‍ കണ്ട് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഐ.എം.എ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ ഇതുവരെ 24 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം പുതുതായി കേസുകളൊന്നും സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ 250 ല്‍ താഴെ പേര്‍ മാത്രമാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News