News

കര്‍ണാടകയിലെ ബാബുവായി നിഷാങ്ക്! ഒടുവില്‍ വ്യോമസേന രക്ഷിച്ചു; വിഡിയോ

നന്ദിഹില്‍സ്: പാലക്കാട് ചേറാട് മല കയറാന്‍ പോയി പാറക്കെട്ടില്‍ കുടുങ്ങിയ ബാബുവിന്റെ അതേ അവസ്ഥയില്‍ കര്‍ണാടകയില്‍ ഒരു വിദ്യാര്‍ഥി. മണിക്കൂറുകള്‍ക്കു ശേഷം വ്യോമസേനയും പോലീസും ചേര്‍ന്നു യുവാവിനെ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരം കര്‍ണാടകയിലെ നന്ദിഹില്‍സില്‍ ബ്രഹ്‌മഗിരി പാറക്കെട്ടിലാണ് ആണ് അപകടമുണ്ടായത്.

ട്രെക്കിംഗ് നടത്തുന്നതിനിടയില്‍ കാലു തെറ്റിയ നിഷാങ്ക് എന്ന പത്തൊന്പതുകാരന്‍ 300 അടി താഴ്ചയിലേക്കു വീഴുകയായിരുന്നു. വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടര്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. എയര്‍ഫോഴ്സിലെ ആരോഗ്യവിദഗ്ധര്‍ നിഷാങ്കിന് അടിയന്തര ശുശ്രൂഷകള്‍ നല്‍കി. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ അദ്ദേഹത്തെ എയര്‍ഫോഴ്സ് സ്റ്റേഷനായ യെലഹങ്കയിലേക്ക് എത്തിച്ച ശേഷം ആശുപത്രിയിലേക്കു മാറ്റി.

പാലക്കാട് മലന്പുഴയ്ക്കു സമീപം ചേറാട് മല കയറാന്‍ പോയ ബാബു എന്ന യുവാവ് കാലു തെറ്റി വീണതിനെത്തുടര്‍ന്നു ദിവസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കു ശേഷമാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. പാറക്കെട്ടിലെ ചെറിയ വിടവില്‍ കുടുങ്ങിക്കിടന്ന ബാബുവിനെ രക്ഷപ്പെടുത്താന്‍ പോലീസും ഫയര്‍ ഫോഴ്‌സും എന്‍ഡിആര്‍എഫും ശ്രമിച്ചിട്ടും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്നു കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ കൊണ്ടുവന്നെങ്കിലും അതും പ്രയോജനപ്പെട്ടില്ല. തുടര്‍ന്നു കേരള സര്‍ക്കാര്‍ ഇടപെട്ട് ഇന്ത്യന്‍ ആര്‍മിയുടെ സഹായം തേടുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബാബുവിനെ റോപ്പ് ഉപയോഗിച്ചു രക്ഷപ്പെടുത്തിയത്.

ബാബുവിനെ രക്ഷപ്പെടുത്തിയ സംഭവം ദേശീയമാധ്യമ ശ്രദ്ധ നേടിയിരുന്നു. അതിനെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് വ്യോമസേന നിഷാങ്കിനെ ബ്രഹ്‌മഗിരി പാറക്കെട്ടില്‍നിന്നു രക്ഷിച്ചിരിക്കുന്നത്. നിഷാങ്കിനെ രക്ഷപ്പെടുത്തുന്ന വീഡിയോയും ചിത്രങ്ങളും വ്യോമസേന പങ്കുവച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button