ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തരിപ്പണമാക്കി ആസ്‌ട്രേലിയ ആറാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. നിര്‍ണായക മത്സരങ്ങളില്‍ എങ്ങനെയാണ് ഒരു ടീമായി പ്രൊഫഷണല്‍ സമീപനത്തോടെ കളിക്കേണ്ടത് എന്നത് ഒരിക്കല്‍ കൂടി ഓസ്‌ട്രേലിയ ലോകക്രിക്കറ്റിന് കാണിച്ച് കൊടുക്കുകയായിരുന്നു ഇന്നലെ. ഈ ടൂര്‍ണമെന്റില്‍ ഉടനീളം ആധികാരികമായി ജയിച്ച് വന്ന ഇന്ത്യ ഒടുവില്‍ കലാശപ്പോരില്‍ കളി മറക്കുകയായിരുന്നു.
ടോസ് ലഭിച്ചത് മുതല്‍ ഓസ്‌ട്രേലിയയ്ക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ കേവലം ടോസ് കൊണ്ട് മാത്രമല്ല ആറാം ലോകകപ്പ് കിരീടത്തിലേക്ക് കങ്കാരുക്കള്‍ നടന്നടുത്തത്. ആദ്യ പന്ത് മുതല്‍ വിജയത്തിലേക്കുള്ള കുതിപ്പ് ഓസീസ് തുടങ്ങിയിരുന്നു. ഈ ലോകകപ്പില്‍ പവര്‍പ്ലേയില്‍ എല്ലാം ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇന്നലെ പവര്‍പ്ലേ തൊട്ട് ബാറ്റ്‌സ്മാന്‍മാരെ വരിഞ്ഞ് മുറുക്കാന്‍ ഓസീസ് ബൗളര്‍മാര്‍ക്കായി.
രോഹിത് പതിവ് പോലെ ആഞ്ഞ് വീശിയെങ്കിലും മറുവശത്ത് ശുഭ്മാന്‍ ഗില്ലിന് താളം കണ്ടെത്താനായിരുന്നില്ല. ഇത് രോഹിതിന് മേലുള്ള ഭാരം വര്‍ധിപ്പിച്ചു. ക്യാപ്റ്റന്റെ ശരീരഭാഷയിലും അത് പ്രകടമായിരുന്നു. ഫീല്‍ഡിംഗില്‍ ഓസീസ് ഗംഭീരമായി നിലയുറപ്പിച്ചതോടെ രോഹിതിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. ഇത് തന്നെയായിരുന്നു പാറ്റ് കമ്മിന്‍സിനും വേണ്ടിയിരുന്നത്.
ശുഭ്മാന്‍ ഗില്ലിനെ നേരത്തെ പറഞ്ഞയച്ചെങ്കിലും രോഹിതിന്റെ വിക്കറ്റിന് വേണ്ടിയായിരുന്നു കങ്കാരുക്കള്‍ നിലയുറപ്പിച്ചത്. കാരണം രോഹിത് ക്രീസിലുണ്ടെങ്കില്‍ എത്ര വൈകിയാലും ടീം സ്‌കോര്‍ ഉയര്‍ത്തും കമ്മിന്‍സിന് നന്നായി അറിയാമായിരുന്നു. അതിനാലാണ് മാക്‌സ്‌വെല്ലിനെ നേരത്തെ എത്തിച്ച് രോഹിതിനായി കെണിയൊരുക്കിയത്. ട്രാവിസ് ഹെഡിന്റെ അത്യുജ്വല ക്യാച്ച് കൂടിയായപ്പോള്‍ രോഹിതും ഒപ്പം ഇന്ത്യയും വീണു.
നിര്‍ണായക മത്സരങ്ങളില്‍ ഓസീസ് ഫീല്‍ഡിംഗില്‍ കാണിക്കുന്ന പ്രൊഫഷണലിസം മറ്റ് ടീമുകള്‍ കണ്ട് പഠിക്കേണ്ടതാണ്. കൈയ് മെയ് മറന്ന് ബൗണ്ടറികളും ഡബിളും തടയാന്‍ ഓസീസ് താരങ്ങള്‍ മത്സരിക്കുകയായിരുന്നു. ബൗണ്ടറികള്‍ രക്ഷിക്കാന്‍ ഡേവിഡ് വാര്‍ണര്‍ ഒന്നിലധികം ഡൈവിംഗ് സേവുകള്‍ നടത്തി. ഒപ്പം കമ്മിന്‍സ് ചില മികച്ച ഫീല്‍ഡ് പ്ലെയ്സ്മെന്റുകളും നടത്തി.
കോഹ്ലിയും രാഹുലും ബാറ്റ് ചെയ്യുമ്പോള്‍, ഓസീസ് നായകന്‍ സ്വീപ്പര്‍ ഉപയോഗിച്ച് കവര്‍ റീജിയന്‍ തുറക്കുകയും സ്‌ക്വയര്‍ ലെഗ്, മിഡ് ഓണ്‍ ഏരിയകള്‍ക്ക് ചുറ്റും ഫീല്‍ഡര്‍മാരെ വിന്യസിക്കുകയും ചെയ്തു. വേഗത്തില്‍ റണ്‍സെടുക്കുന്നതിന് കൂടുതല്‍ റിസ്‌ക് എടുക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ പ്രേരിപ്പിക്കാനായിരുന്നു ഇത്. യുവതാരങ്ങളായ ശുഭ്മാന്‍ ഗില്ലിന്റേയും ശ്രേയസ് അയ്യരുടേയും ആദ്യ 50 ഓവര്‍ ലോകകപ്പ് ഫൈനല്‍ എന്ന ആശങ്ക മുതലാക്കാനും ഓസീസിനായി.
ആദ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശേഷം കോലി-രാഹുല്‍ സഖ്യം മുന്നേറുമെന്ന് തോന്നിയപ്പോള്‍ തന്നെ വിക്കറ്റ് വീഴ്ത്തി കളിയിലേക്ക് തിരികെയെത്താനും കങ്കാരുക്കള്‍ക്ക് സാധിച്ചു. ഇതും ഓസീസ് വിജയത്തില്‍ നിര്‍ണായകമായി. ക്യാപ്റ്റന്‍ എന്ന നിലയില്‍ മികവ് തെളിയിച്ചതിനൊപ്പം ബൗളര്‍ എന്ന നിലയിലും കമ്മിന്‍സിന് ഫൈനലില്‍ തിളങ്ങാനായി. 10 മത്സരങ്ങളില്‍ 13 വിക്കറ്റും ആറിന് മുകളില്‍ റണ്‍റേറ്റുമായാണ് കമ്മിന്‍സ് ഇന്നലെ കളിക്കാനിറങ്ങിയത്.
എന്നാല്‍ ഫൈനലില്‍ കമ്മിന്‍സ് യഥാര്‍ത്ഥ നായകനായി. വിരാട് കോലിയുടേയും ശ്രേയസ് അയ്യരുടേയും വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ ബാക്ക്ഫൂട്ടിലാക്കിയ കമ്മിന്‍സ് റണ്‍സ് വിട്ടുകൊടുക്കാനും പിശുക്ക് കാണിച്ചു. മറ്റ് പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസില്‍വുഡും ഒപ്പം നിന്നു. ആദം സാമ്പ, ഗ്ലെന്‍ മാക്സ്വെല്‍, ട്രാവിസ് ഹെഡ് എന്നിവരും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വരിഞ്ഞുമുറുക്കി.
രാഹുല്‍-കോലി കൂട്ടുകെട്ടില്‍ ഇന്ത്യക്ക് ഒറ്റ ഫോറും, 41-നും 50-ാം ഓവറിനുമിടയില്‍, മുഹമ്മദ് ഷാമിയും മുഹമ്മദ് സിറാജും വഴി ഇന്ത്യക്ക് രണ്ട് ബൗണ്ടറികളും മാത്രമേ നേടാനായുള്ളൂ. ഇത് ഓസീസ് ബൗളര്‍മാരുടെ അധീശത്വം വെളിവാക്കുന്നു.