CricketNewsSports

ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി ഇന്ത്യ,ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം നേട്ടം സ്വന്തമാക്കി അശ്വിൻ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഡേ-നൈറ്റ് ടെസ്റ്റില്‍ പത്ത് വിക്കറ്റ് ജയവുമായി നാലു മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയുടെ സ്പിന്‍ കെണിയില്‍ കറങ്ങി വീണ ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നില്‍വെച്ച 49 റണ്‍സിന്‍റെ വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നു. 25 റണ്‍സുമായി രോഹിത് ശര്‍മയും 15 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും പുറത്താകാതെ നിന്നു. വെറും 7.4 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. സ്കോര്‍ ഇംഗ്ലണ്ട് 112, 81, ഇന്ത്യ 145, 49/0.തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിന്‍റെ സാധ്യതകള്‍ അവസാനിച്ചു.

ഡേ നൈറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം 13 വിക്കറ്റ് വീണപ്പോള്‍ രണ്ടാം ദിനം 17 വിക്കറ്റുകളാണ് നിലം പൊത്തിയത്. ഇന്ത്യയുടെ ഏഴും ഇംഗ്ലണ്ടിന്‍റെ പത്തും. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയെ 145 റണ്‍സിന് പുറത്താക്കിയതിന്‍റെ ആവേശത്തില്‍ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ട് വെറും 81 റണ്‍സിന് ഓള്‍ ഔട്ടായി.

ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി അഞ്ച് വിക്കറ്റെടുത്ത അക്സര്‍ പട്ടേലും നാലു വിക്കറ്റെടുത്ത അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ കറക്കി വീഴ്തതിയത്. മത്സരത്തില്‍ 11 വിക്കറ്റെടുത്ത അശ്വിനും ഏഴ് വിക്കറ്റെടുത്ത അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ സ്പിന്‍ കെണിയില്‍ കരുക്കിയത്. 25 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ജോ റൂട്ട്(19), ഓലി പോപ്പ്(12) എന്നിവര്‍ മാത്രമാണ് സ്റ്റോക്സിന് പുറമെ ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നവര്‍.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സ്പിന്‍ ചുഴലി തീര്‍ത്ത അക്സര്‍ പട്ടേലാണ് രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞത്. രണ്ടാം ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായ സാക്ക് ക്രോളിയെ ക്ലീന്‍ ബൗള്‍ഡാക്കിയ അക്സര്‍ മൂന്നാം പന്തില്‍ ജോണി ബെയര്‍സ്റ്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇംഗ്ലണ്ടിനെ 0/2 ലേക്ക് തള്ളിയിട്ടു.

ഡൊമനിക് സിബ്ലിയും ക്യാപ്റ്റന്‍ ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ രണ്ടക്കം കടത്തിയെങ്കിലും സ്കോര്‍ 19ല്‍ നില്‍ക്കെ സിംബ്ലിയെ(7) റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് അക്സര്‍ വീണ്ടും ആഞ്ഞടിച്ചു. അതിവേഗം റണ്‍സ് സ്കോര്‍ ചെയ്യാന്‍ നോക്കിയ ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും അശ്വിന് മുന്നില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.34 പന്തില്‍ 25 റണ്‍സായിരുന്നു സ്റ്റോക്സിന്‍റെ സംഭാവന.

രണ്ട് തവണ എല്‍ബിഡബ്ല്യുവില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ജോ റൂട്ട് ഒടുവില്‍ അക്സറിന് മുന്നില്‍ കുടുങ്ങി. 19 റണ്‍സെടുത്ത റൂട്ടിനെ അക്സര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡ‍ില്‍ 56 റണ്‍സെ ഉണ്ടായിരുന്നുള്ളു. ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റെടുത്ത അക്സര്‍ ഇതോടെ മത്സരത്തിലാകെ 10 വിക്കറ്റ് വീഴ്ത്തി.

ആദ്യ ഇന്നിംഗ്സിലേതിന്‍റെ തനിയാവര്‍ത്തനമായി ഓലി പോപ്പിനെ(12) അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇംഗ്ലണ്ട് കൂടുതല്‍ പരുങ്ങലിലായി. ആര്‍ച്ചറെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ ടെസ്റ്റ് കരിയറിലെ 400-ാം വിക്കറ്റ് അശ്വിന്‍ സ്വന്തമാക്കി. ബെന്‍ ഫോക്സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് നേട്ടം ആവര്‍ത്തിച്ച അക്സര്‍ മത്സരത്തിലാകെ 11 വിക്കറ്റ് വീഴ്ത്തി. ജാക് ലീച്ചിനെ(9) അശ്വിന്‍ സ്ലിപ്പല്‍ രഹാനെയുടെ കൈകകളിലെത്തിച്ചപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സണെ(0) പന്തിന്‍റെ കൈകളിലെത്തിച്ച് വാഷിംഗ്ടണ്‍ സുന്ദര്‍ ഇംഗ്ലണ്ട് ഇന്നിംഗ്സിന് തിരശീലയിട്ടു.

ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് രവിചന്ദ്രൻ അശ്വിൻ. വേഗത്തിൽ 400 വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യൻ താരമായി അശ്വിൻ മാറി.ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് അശ്വിൻ.

ജോഫ്ര ആർച്ചറിനെ വിക്കറ്റ് മുന്നിൽ കുരുക്കിയാണ് അശ്വിൻ ചരിത്ര നേട്ടം സ്വന്തമാക്കിയത്. തന്റെ 77-ാം ടെസ്റ്റ് മത്സരത്തിലാണ് അശ്വിൻ റെക്കോഡിട്ടത്. 73 മത്സരങ്ങളിൽ നിന്നും 400 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് അശ്വിന് മുന്നിലുള്ളത്. മുൻ ന്യൂസിലൻഡ് താരം റിച്ചാർഡ് ഹാഡ്‌ലിയും ഡെയ്ൽ സ്‌റ്റെയ്‌നുമാണ് പട്ടികയിൽ മൂന്നാമത്. ഇരുവരും 80 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker