നാണക്കേടിൻ്റെ പടുകുഴിയിൽ ഇന്ത്യ, വമ്പൻ തോല്‍വി; ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

മുട്ടിടിച്ച് വീണ് ഇന്ത്യ, കനത്ത തോല്‍വി; ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

ഗുവാഹാട്ടി: രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ മുട്ടുമടക്കി ഇന്ത്യ. 408 റണ്‍സിന്റെ വമ്പന്‍ വിജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി. ബാറ്റമാര്‍ക്ക് വീണ്ടും അടിപതിയപ്പോള്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 140-ല്‍ ഒതുങ്ങി. ടെസ്റ്റ് ക്രിക്കറ്റിൽ റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. 549 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ഇന്ത്യ രണ്ടിന് 27 എന്ന നിലയിലാണ് ബുധനാഴ്ച കളിയവസാനിപ്പിച്ചത്.

അഞ്ചാം ദിനം ഇന്നിങ്‌സ് പുനരാരംഭിച്ചപ്പോള്‍ 113 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കറങ്ങി വീണു. സൈമണ്‍ ഹാമര്‍ ആറുവിക്കറ്റുകള്‍ പിഴുതപ്പോള്‍ കേശവ് മഹാരാജ് രണ്ടും സെനുരന്‍ മുത്തുസാമിയും ജന്‍സണും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 489 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 201ന് പുറത്താക്കിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് കൂടി ചേര്‍ത്ത് ഡിക്ലയര്‍ ദക്ഷിണാഫ്രിക്ക ചെയ്യുകയായിരുന്നു.

25 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ പരമ്പര വിജയംകൂടിയാണിത്. രണ്ടാം ഇന്നിങ്‌സില്‍ അപ്രാപ്യമായ 549 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യന്‍നിരയില്‍ 87 പന്തില്‍ 54 റണ്‍സ് നേടിയ രവീന്ദ്ര ജഡേജ ഒറ്റയാള്‍ പോരാട്ടം നടത്തി. കരിയറിലെ മികച്ച പ്രകടനമായ 6/37 രേഖപ്പെടുത്തിയ ഓഫ് സ്പിന്നര്‍ സൈമണ്‍ ഹാര്‍മര്‍, മത്സരത്തില്‍ ആകെ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി. 2015-ല്‍ അജിങ്ക്യ രഹാനെയുടെ എട്ട് ക്യാച്ചുകള്‍ എന്ന റെക്കോര്‍ഡ് മറികടന്ന്, ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ (9) എന്ന റെക്കോര്‍ഡ് എയ്ഡന്‍ മര്‍ക്രമും സ്വന്തമാക്കിയതോടെ മത്സരത്തിന്റെ എല്ലാ മേഖലകളിലും സന്ദര്‍ശകര്‍ ഇന്ത്യയെ നിഷ്പ്രഭമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News