തിരുവനന്തപുരം ∙ സമ്പൂർണ പരമ്പര വിജയം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക്, തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ടോസ്. ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ നിരയിൽ രണ്ടു മാറ്റങ്ങളുണ്ട്. ഹാർദിക് പാണ്ഡ്യ, ഉമ്രാൻ മാലിക്ക് എന്നിവർക്കു പകരം സൂര്യകുമാർ യാദവ്, വാഷിങ്ടൻ സുന്ദർ എന്നിവർക്ക് അവസരം നൽകി.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് പരമ്പരയിലെ മൂന്നാം മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തൽസമയം കാണാം. ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദർ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ശ്രീലങ്കൻ ടീം: ആവിഷ്ക ഫെർണാണ്ടോ, നുവാനിന്ദു ഫെർണാണ്ടോ, കുശാൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), ആഷേൻ ഭണ്ഡാര, ചാരിത് അസലങ്ക, ദസൂൻ ഷനക (ക്യാപ്റ്റൻ), വാനിന്ദു ഹസരംഗ, ജെഫ്രി വാൻഡർസേ, ചാമിക കരുണരത്‌നെ, കസൂൻ രജിത, ലഹിരു കുമാര
ആരാധകർ കാണാൻ കൊതിക്കുന്നത് രോഹിത് ശർമയുടെയും കോലിയുടെയും സൂര്യകുമാർ യാദവിന്റെയും ബാറ്റിങ് ഉത്സവമാണ്. മുൻപ് ഇവിടെ ഒരു അർധ സെഞ്ചുറി നേടിയിട്ടുള്ള രോഹിത്തും കാര്യമായ സ്കോർ ചെയ്യാനാവാത്ത കോലിയും സെപ്റ്റംബറിൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20യിൽ തുടക്കത്തിലേ പുറത്തായി. അന്ന് അർധ സെഞ്ചറിയുമായി കളം നിറഞ്ഞ സൂര്യകുമാർ യാദവ് ഈ പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും കളത്തിന് പുറത്തിരിക്കുകയായിരുന്നു. സൂര്യകുമാർ കളത്തിലിറങ്ങുമ്പോൾ, ആദ്യ രണ്ടു മത്സരങ്ങൾ കളിച്ച ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.
ഓപ്പണിങ് മുതൽ സ്പിൻ ആക്രമണത്തിൽ വരെ മാറി മാറി പരീക്ഷണങ്ങളിലാണ് ഇന്ത്യ. ഓപ്പണിങിൽ രോഹിത്തിന് ചേർന്നൊരു പങ്കാളിയെ തേടിയുള്ള പരീക്ഷണം ശുഭ്മൻ ഗില്ലിൽ എത്തി നിൽക്കുന്നു. ഗിൽ ആദ്യ 2 മത്സരങ്ങളിലും നന്നായി കളിക്കുകയും ചെയ്തു. മധ്യനിരയിൽ കോലിക്കു പിന്നാലെ എത്തുന്ന ശ്രേയസ് അയ്യരും കെ.എൽ.രാഹുലും ലങ്കൻ ബോളർമാരിൽ നിന്നു വലിയ പരീക്ഷണങ്ങളൊന്നും നേരിട്ടിട്ടുമില്ല. പേസർമാരെ തുണയ്ക്കാറുള്ള കാര്യവട്ടത്തെ പിച്ചിൽ മുഹമ്മദ് ഷമിക്കൊപ്പം മുഹമ്മദ് സിറാജ് തുടരുമ്പോൾ, ഉമ്രാൻ മാലിക്കിനു പകരം വാഷിങ്ടൻ സുന്ദറിനാണ് അവസരം.
വലിയ താരങ്ങൾ ഇല്ലെന്നതാണ് ലങ്കയുടെ ശക്തിയും ദൗർബല്യവും. പേരെടുത്തവരുടെ വൻനിരയ്ക്കു ശേഷം വന്ന പുതുനിരയുടെ പോരാട്ട വീര്യമാണ് അവരുടേത്. കഴിഞ്ഞ ഏഷ്യാ കപ്പിൽ ചാംപ്യൻമാരായതും കരുത്തരായ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര വിജയവും ആ വീര്യം സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യക്കെതിരായ ട്വന്റി20, ഏകദിന പരമ്പരകളിലെ അഞ്ചിൽ നാലു മത്സരത്തിലും തോറ്റുപോയെങ്കിലും ഒന്നിലും ദയനീയമായി കീഴടങ്ങുകയായിരുന്നില്ല ലങ്ക. ബോളു കൊണ്ടും ബാറ്റു കൊണ്ടും വെല്ലുവിളി ഉയർത്താൻ അവർക്കായി.