ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 ഉപേക്ഷിച്ചു; പരമ്പരയിൽ നിന്ന് ഗിൽ പുറത്ത്

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ നിന്ന് ഇന്ത്യയുടെ ഉപനായകൻ ശുഭ്മാൻ ഗിൽ പുറത്ത്. കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. അഞ്ചാം മത്സരത്തിലും താരം കളിച്ചേക്കില്ലെന്നാണ് വിവരം. പകരം മലയാളി താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തിയേക്കും. അതേസമയം ലഖ്നൗവിലെ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നാലാം ടി20 ഉപേക്ഷിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയെങ്കിലും ഏകദിന, ട്വന്റി 20 മത്സരങ്ങളിൽ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തുടർച്ചയായ എട്ടാം ടി 20 പരമ്പരവിജയം എന്ന നേട്ടത്തിനരികിലാണ് ടീം ഇന്ത്യ. 2-1ന് മുന്നിലുള്ള ഇന്ത്യക്ക് അവസാനമത്സരം ജയിച്ചാൽ പരമ്പര സ്വന്തമാകും. പരമ്പരയിലെ ആദ്യമത്സരം ഇന്ത്യ 101 റൺസിന് ജയിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ 51 റൺസ് ജയവുമായി ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു. മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ ഏഴുവിക്കറ്റ് ജയം ഏകപക്ഷീയമായിരുന്നു.

ഗിൽ പുറത്തായ സാഹചര്യത്തിൽ അടുത്ത മത്സരത്തിൽ സഞ്ജു ഓപ്പണറായി എത്തിയേക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ നിരാശപ്പെടുത്തുന്നതാണ് ഗില്ലിന്റെ ബാറ്റിങ്. ആദ്യ മത്സരത്തിൽ നാലുറൺസെടുത്ത് പുറത്തായ താരം രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി മടങ്ങി. മൂന്നാം ടി20 യിൽ 28 പന്തിൽ 28 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഗിൽ ടീമിലെത്തിയതോടെ ഓപ്പണറായിരുന്ന മലയാളി താരം സഞ്ജു സാംസണിന് പുറത്തിരിക്കേണ്ടി വന്നിരുന്നു.

ശാരീരികപ്രശ്നങ്ങളാൽ കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ജസ്‌പ്രീത് ബുംറയ്ക്ക് പകരമെത്തിയ ഹർഷിത് റാണ രണ്ടുവിക്കറ്റുമായി തിളങ്ങിയിരുന്നു. പേസ് വിഭാഗത്തിൽ അർഷ്ദീപ് സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരുമുണ്ട്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മികച്ച സ്‌കോർ കണ്ടെത്താത്തത്‌ ജയത്തിനിടയിലും ആശങ്കയായിനിൽക്കുന്നു. മറുഭാഗത്ത് ക്വിന്റൺ ഡി കോക്ക്, റീസ ഹെൻറിക്‌സ്, എയ്ഡൻ മാർക്രം, ട്രിസ്റ്റ്യൻ സ്റ്റബ്‌സ് തുടങ്ങിയ വമ്പൻമാർ ഉൾപ്പെട്ടതാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News