ന്യൂഡല്‍ഹി: ജമ്മുവിലും പഞ്ചാബിലുമായി നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്തിയതിന് പിന്നാലെ പാകിസ്ഥാന്‍റെ എഫ്-16 വിമാനം ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടു. ജമ്മു കശ്മീരിലെ ഉധംപൂരിലും രാജസ്ഥാനിലെ ജയ്‌സാൽമീറിലും പാകിസ്ഥാൻ ഡ്രോൺ ആക്രമണങ്ങൾ ഇന്ത്യ പരാജയപ്പെടുത്തിയിട്ടുണ്ട്. അഖ്‌നൂറിൽ ഒരു ഡ്രോൺ വെടിവെച്ചിട്ടു.
പൂഞ്ചിൽ രണ്ട് ചാവേർ ഡ്രോണുകളും വെടിവെച്ചിട്ടു. വ്യാഴാഴ്ച രാത്രി ജമ്മുവിലെ വിമാനത്താവളത്തിന് സമീപം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഒരേസമയം ആക്രമണം നടത്താനാണ് പാകിസ്ഥാൻ ശ്രമിച്ചത്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ജമ്മുവിലേക്ക് റോക്കറ്റുകൾ തൊടുത്തുവിട്ടു. ഒരു ഡ്രോൺ ജമ്മു സിവിൽ എയർപോർട്ടിൽ പതിച്ചതിനെ തുടർന്ന് പ്രതികരണമായി ഇന്ത്യൻ യുദ്ധവിമാനങ്ങൾ കുതിച്ചുയർന്നു.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കിയതോടെ വരുന്ന റോക്കറ്റുകളെ വിജയകരമായി തടയാൻ സാധിച്ചു. ജമ്മു വിമാനത്താവളം, സാംബ, ആർഎസ് പുര, അർണിയ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വെച്ച് എട്ട് പാകിസ്ഥാൻ മിസൈലുകളെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു. ജമ്മു സർവകലാശാലയ്ക്ക് സമീപവും രണ്ട് പാകിസ്ഥാൻ ഡ്രോണുകൾ തകർത്തു.
ഇന്ത്യയെ ആക്രമിക്കാന്‍ അയച്ച യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് സമ്മതിച്ച് പാകിസ്താന്‍. തങ്ങളുടെ രണ്ട് ജെ.എഫ്-17 യുദ്ധവിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടതെന്ന് പാകിസ്താന്‍ അറിയിച്ചു. പാകിസ്താന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍ ആണ് യുദ്ധവിമാനം നഷ്ടപ്പെട്ടകാര്യം അറിയിച്ചത്. മാത്രമല്ല പാകിസ്താന്റെ ഈസ്റ്റേണ്‍ കോറിഡോര്‍ മേഖലയില്‍ കനത്ത നാശം ഇന്ത്യയുടെ പ്രത്യാക്രമണത്തിലുണ്ടായി എന്നും ഡിജിഐഎസ്പിആര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. പാകിസ്താന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. സമാധാനത്തിന് വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറയുന്നു.

