മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് 260 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 45.5 ഓവറില്‍ 259 റണ്‍സിന് ഓള്‍ ഔട്ടായി. 60 റണ്‍സെടുത്ത നായകന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ 12 റണ്‍സ് നേടി ഓപ്പണര്‍ ജേസണ്‍ റോയ് നന്നായി തുടങ്ങിയെങ്കിലും തൊട്ടടുത്ത ഓവറില്‍ കളി മാറി. രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ബുംറയ്ക്ക് പകരം ടീമിലിടം നേടിയ മുഹമ്മദ് സിറാജ് കൊടുങ്കാറ്റായി. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഓപ്പറായ ജോണി ബെയര്‍സ്‌റ്റോയെ റണ്‍സെടുക്കുംമുന്‍പ് സിറാജ് മടക്കി. സിറാജിന്റെ പന്തില്‍ ബൗണ്ടറിനേടാന്‍ ശ്രമിച്ച ബെയര്‍സ്റ്റോയുടെ ബാറ്റിന്റെ എഡ്ജില്‍ തട്ടിയ പന്ത് ഉയര്‍ന്നുപൊന്തി. പകരക്കാരനായ ശ്രേയസ്സ് അയ്യര്‍ ഇത് അനായാസം കൈയ്യിലൊതുക്കി.
പിന്നാലെ വന്ന ജോ റൂട്ട് വീണ്ടും നിരാശപ്പെടുത്തി. റണ്‍സെടുക്കുംമുന്‍പ് താരത്തെ സിറാജ് സ്ലിപ്പില്‍ നിന്ന രോഹിത് ശര്‍മയുടെ കൈയ്യിലെത്തിച്ചു. ഇതോടെ ഇംഗ്ലണ്ട് 12 ന് രണ്ട് എന്ന നിലയിലേക്ക് വീണു. എന്നാല്‍ പിന്നീട് ക്രീസിലൊന്നിച്ച ജേസണ്‍ റോയ്-ബെന്‍ സ്‌റ്റോക്‌സ് സഖ്യം വലിയ തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. മികച്ച കൂട്ടുകെട്ടുമായി മുന്നേറിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യയിലൂടെ ഇന്ത്യ തിരിച്ചടിച്ചു. ടീം സ്‌കോര്‍ 66-ല്‍ നില്‍ക്കേ 31 പന്തുകളില്‍ നിന്ന് 41 റണ്‍സെടുത്ത ജേസണ്‍ റോയിയെ മടക്കി ഹാര്‍ദിക് ഈ കൂട്ടുകെട്ട് പൊളിച്ചു.
പിന്നാലെ 29 പന്തുകളില്‍ നിന്ന് 27 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സിനെ മികച്ച ഒരു ബൗണ്‍സറിലൂടെ മടക്കി ഹാര്‍ദിക് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ഇതോടെ ഇംഗ്ലണ്ട് 74 ന് നാല് എന്ന സ്‌കോറിലേക്ക് വീണു. നാല് വിക്കറ്റ് വീണതോടെ നായകന്‍ ജോസ് ബട്‌ലറും ഓള്‍റൗണ്ടര്‍ മോയിന്‍ അലിയും ക്രീസിലൊന്നിച്ചു. മികച്ച കൂട്ടുകെട്ടുമായി ഇരുവരും ടീമിനെ നയിച്ചു. ഇതോടെ ഇന്ത്യ പരുങ്ങലിലായി. അഞ്ചാം വിക്കറ്റില്‍ അലിയും ബട്‌ലറും ചേര്‍ന്ന് 75 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിന് ജീവന്‍ പകരുന്ന പ്രകടനമാണ് ഇവര്‍ നല്‍കിയത്. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഈ കൂട്ടുകെട്ട് പൊളിക്കാന്‍ രോഹിതിന് സാധിച്ചില്ല.
ഒടുവില്‍ അതുവരെ ബൗള്‍ ചെയ്യാതിരുന്ന രവീന്ദ്ര ജഡേജയെ രോഹിത് പന്തേല്‍പ്പിച്ചു. അത് ഫലം കാണുകയും ചെയ്തു. തന്റെ ആദ്യ ഓവറില്‍ തന്നെ മോയിന്‍ അലിയെ മടക്കി ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. 44 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്ത അലിയെ ജഡേജ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. അലി മടങ്ങിയിട്ടും ബട്‌ലര്‍ ഫോം തുടര്‍ന്നു. വൈകാതെ താരം അര്‍ധസെഞ്ചുറി നേടി. 64 പന്തുകളില്‍ നിന്നാണ് ബട്‌ലര്‍ അര്‍ധശതകം കുറിച്ചത്. മോയിന്‍ അലിയ്ക്ക് പകരം വന്ന ലിയാം ലിവിങ്സ്റ്റണ്‍ അതിവേഗം സ്്‌കോര്‍ ഉയര്‍ത്തി. ബട്‌ലറും ലിവിങ്‌സ്റ്റണും 49 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.
എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ വീണ്ടും പന്തേല്‍പ്പിച്ച് രോഹിത് ഈ കൂട്ടുകെട്ടും പൊളിച്ചു. 31 പന്തുകളില്‍ നിന്ന് 27 റണ്‍സെടുത്ത ലിവിങ്സ്റ്റണെ ഹാര്‍ദിക് ജഡേജയുടെ കൈയ്യിലെത്തിച്ചു. അതേ ഓവറില്‍ തന്നെ ബട്‌ലറെയും മടക്കി ഹാര്‍ദിക് വീണ്ടും ഇംഗ്ലണ്ടിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. 80 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 60 റണ്‍സെടുത്ത ബട്‌ലറെയും ഹാര്‍ദിക് ജഡേജയുടെ കൈയ്യിലെത്തിച്ചു. ബട്‌ലര്‍ പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്.
ഇതോടെ ഇന്ത്യ പിടിമുറുക്കിയെന്ന് തോന്നിച്ചെങ്കിലും എട്ടാം വിക്കറ്റില്‍ ഒന്നിച്ച ഡേവിഡ് വില്ലിയും ക്രെയ്ഗ് ഓവര്‍ട്ടണും എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. ഇരുവരും 48 റണ്‍സാണ് എട്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഇതോടെ ഇംഗ്ലണ്ട് മാന്യമായ സ്‌കോറിലേക്ക് കുതിച്ചു. ഒടുവില്‍ യൂസ്‌വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 15 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത വില്ലിയെ ചാഹല്‍ സൂര്യകുമാര്‍ യാദവിന്റെ കൈയ്യിലെത്തിച്ചു.
അവസാന ഓവറുകളില്‍ ക്രെയ്ഗ് ഓവര്‍ട്ടണ്‍ ചെറുത്തുനിന്നതോടെ ഇംഗ്ലണ്ട് സ്‌കോര്‍ 250 കടന്നു. വൈകാതെ താരത്തെ ചാഹല്‍ കോലിയുടെ കൈയ്യിലെത്തിച്ചു. 33 പന്തുകളില്‍ നിന്ന് 32 റണ്‍സാണ് ഓവര്‍ട്ടണിന്റെ സമ്പാദ്യം. പിന്നാലെ റീസ് ടോപ്ലിയെ ക്ലീന്‍ ബൗള്‍ഡാക്കി ചാഹല്‍ ഇംഗ്ലണ്ട് ഇന്നിങ്‌സിന് തിരശ്ശീലയിട്ടു. ബ്രൈഡണ്‍ കാഴ്‌സ് പുറത്താവാതെ (3) നിന്നു.
ഇന്ത്യയ്ക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ ഏഴോവറില്‍ മൂന്ന് മെയ്ഡനടക്കം 24 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്തു. ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സിറാജ് രണ്ടുവിക്കറ്റ് സ്വന്തമാക്കി. ശേഷിച്ച വിക്കറ്റ് ജഡേജ വീഴ്ത്തി.