ദില്ലി:കൊവിഡിന്റെ ഏറ്റവും മോശം അവസ്ഥ ഇന്ത്യ മറികടന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍. എന്നാൽ ആളുകൾ സുരക്ഷിതമായി തുടരാൻ കൊവിഡിന്റെ മുൻകരുതലുകൾ പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് -19 സാഹചര്യത്തെ സംബന്ധിച്ച് ഏറ്റവും മോശം അവസ്ഥ അവസാനിച്ചുവെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ മൂന്ന് – നാല് മാസങ്ങളിലെ കാര്യങ്ങൾ പരിശോധിച്ചാൽ കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്…- ഡോ. ഹര്‍ഷ വര്‍ദ്ധന്‍ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഏതാനും മാസം മുമ്പ് 10 ലക്ഷത്തോളം കേസുകളുണ്ടായിരുന്നു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കവിഞ്ഞു. എന്നാല്‍ 95 ലക്ഷത്തിലേറെ പേരും കോവിഡ് മുക്തരായി. ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന്റെ മോശം അവസ്ഥ പിന്നിട്ടു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിയന്ത്രണങ്ങളെല്ലാം മാറി എന്നല്ല.
കൊവിഡിനെ പ്രതിരോധിക്കാൻ മാസ്കുകൾ ധരിക്കുക, കൈ ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ പിന്തുടരണം. വരും വർഷത്തിൽ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ശാസ്ത്രജ്ഞരുടെ ഗവേഷണവും വിജയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ വൈറസിനെതിരെ ജനുവരിയിൽ വാക്സിൻ വിതരണം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു.