ന്യൂഡൽഹി: ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറിയെന്ന് ഐക്യരാഷ്ട്ര സംഘടന ഇന്ന് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. യുഎൻ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയും ചൈനയുടെ ജനസംഖ്യ 142.57 കോടിയുമാണ്. 1950-ൽ ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളുടെ യുഎൻ പട്ടികയിൽ ഒന്നാമതെത്തുന്നത്.
യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻഎഫ്പിഎ) റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ജനസംഖ്യയുടെ 25 ശതമാനം 0-14 വയസ്സിനിടയിലുള്ളവരാണ്. 18 ശതമാനം പേർ 10 മുതൽ 19 വയസ്സുവരെയുള്ളവർ. 26 ശതമാനം പേർ 10 മുതൽ 24 വയസ്സ് വരെയുള്ളവർ. 68 ശതമാനം പേർ 15 നും 64 നും ഇടയിൽ പ്രായമുള്ളവർ.
7 ശതമാനം പേർ 65 വയസ്സിന് മുകളിലുള്ളവരാണ്. ഇന്ത്യയിലെ ജനസംഖ്യാ കണക്കുകൾ ഓരോ സംസ്ഥാനത്തിലും വ്യത്യസ്തമാണെന്നും വിദഗ്ധർ പറയുന്നു. കേരളത്തിലും പഞ്ചാബിലും പ്രായമായവരാണ് കൂടുതൽ. ബിഹാറിലും ഉത്തർപ്രദേശിലും യുവാക്കളാണ് കൂടുതൽ.
‘ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളെ 1.4 ബില്യൺ അവസരങ്ങളായി കാണണം’ എന്ന് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻഎഫ്പിഎ) ഇന്ത്യയുടെ പ്രതിനിധി ആൻഡ്രിയ വോജ്‌നാർ പറഞ്ഞു. ഇന്ത്യയിലും ചൈനയിലും ജനസംഖ്യാ വളർച്ച മന്ദഗതിയിലാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം, ചൈനയുടെ ജനസംഖ്യ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ഇടിഞ്ഞിരുന്നു.
സർക്കാർ കണക്കുകൾ പ്രകാരം ഇന്ത്യയുടെ വാർഷിക ജനസംഖ്യാ വളർച്ച 2011 മുതൽ ശരാശരി 1.2% ആണ്. മുൻ 10 വർഷങ്ങളിലേത് 1.7% ആയിരുന്നു. ഇന്ത്യയുടെ അവസാന സെൻസസ് 2011-ലാണ് നടന്നത്. കോവിഡ് മഹാമാരി കാരണം 2021ൽ നടത്തേണ്ടത് അനിശ്ചിതമായി നീണ്ടുപോകുന്നു.