സഞ്ജു സ്പെഷ്യൽ സംസൺ ; 42 പന്തിൽ 89, ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

വാങ്കഡെയിൽ സഞ്ജു ഷോ; 42 പന്തിൽ 89, ദുബെയും ഇഷാനും തിളങ്ങി, ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

മുംബൈ: ഒരിക്കൽ കൂടി സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്‌സിന്റെ നെടുംതൂണായപ്പോൾ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 253 റൺസെടുത്തു. സഞ്ജു സാംസൺ, ശിവം ദുബെ, ഇഷാൻ കിഷൻ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിച്ചത്.

തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി പിന്നിട്ട സഞ്ജുവിന്റെ തകർപ്പൻ പ്രകടനമായിരുന്നു ഇന്ത്യൻ ഇന്നിങ്‌സിന്റെ പ്രത്യേകത. 42 പന്തുകൾ നേരിട്ട സഞ്ജു ഏഴ് സിക്‌സും എട്ട് ഫോറുമടക്കം 89 റൺസെടുത്താണ് മടങ്ങിയത്. സഞ്ജു പുറത്താകുമ്പോഴേക്കും ഇന്ത്യൻ സ്‌കോർ 160-ൽ എത്തിയിരുന്നു.

തകർത്തടിച്ച ശിവം ദുബെയും മികച്ച സംഭാവന നൽകി. 25 പന്തിൽ നിന്ന് നാല് സിക്‌സും ഒരു ഫോറുമടക്കം 43 റൺസെടുത്ത ദുബെ നിർഭാഗ്യകരായി റണ്ണൗട്ടാകുകയായിരുന്നു.

ആദ്യ ഓവറിൽ തന്നെ ജോഫ്ര ആർച്ചറെ ഫോറും സിക്‌സുമടിച്ചാണ് സഞ്ജു തുടങ്ങിയത്. എന്നാൽ രണ്ടാം ഓവറിൽ അഭിഷേക് ശർമയുടെ (9) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ സഞ്ജുവും ഇഷാൻ കിഷനും ഒന്നിച്ചതോടെ ബൗണ്ടറികളുടെ പെരുമഴ തുടങ്ങി. പവർപ്ലേയിൽ ഇന്ത്യ 67 റൺസുമടിച്ചു. അടിതുടർന്ന ഇരുവരും 45 പന്തിൽ നിന്ന് 97 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 18 പന്തിൽ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 39 റൺസെടുത്ത ഇഷാനെ പുറത്താക്കി ആദിൽ റഷീദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

എന്നാൽ പിന്നീടെത്തിയ ശിവം ദുബെയെ കൂട്ടുപിടിച്ച് സഞ്ജു അടി തുടർന്നു. എന്നാൽ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സഞ്ജുവിനെ 14-ാം ഓവറിൽ വിൽ ജാക്ക്‌സ് വീഴ്ത്തി. ഒരു സിക്‌സറിനുള്ള ശ്രമം ഫിൽ സാൾട്ടിന്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 22 പന്തിൽ നിന്ന് 43 റൺസ് സ്‌കോർ ബോർഡിൽ ചേർത്തു.

പിന്നീടെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് 11 റൺസെടുക്കാനേ സാധിച്ചുള്ളൂ. 18-ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുമായുള്ള ധാരണപ്പിശകിൽ ദുബെ റണ്ണൗട്ടാകുകയും ചെയ്തു.

പിന്നാലെ ഏഴു പന്തിൽ 21 റൺസടിച്ച തിലക് വർമയും 12 പന്തിൽ 27 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും ചേർന്ന് സ്‌കോർ 250 കടത്തി.

നേരത്തേ നിർണായകമായ ടോസ് വിജയിച്ച ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വെസ്റ്റിൻഡീസിനെതിരായ കഴിഞ്ഞ മത്സരം ജയിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. ഇംഗ്ലണ്ട് റെഹാൻ അഹമ്മദിനു പകരം ജെയ്മി ഓവർടണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News