തീപിടിത്തവും ചിപ്പ് ക്ഷാമവും ; ഇ-സ്‌കൂട്ടർ രജിസ്‌ട്രേഷനിൽ 24 ശതമാനം ഇടിവ്
രാജ്യത്ത് മേയ് മാസത്തില്‍ വൈദ്യുത സ്‌കൂട്ടര്‍ രജിസ്‌ട്രേഷനില്‍ 24 ശതമാനം ഇടിവ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വാഹന്‍ വെബ്‌സൈറ്റില്‍ മേയ് 31 വരെയുള്ള കണക്കനുസരിച്ച് ഏപ്രിലില്‍ 43,098 വൈദ്യുത സ്‌കൂട്ടര്‍ രജിസ്റ്റര്‍ചെയ്തിരുന്നു. മേയില്‍ ഇത് 32,680 എണ്ണമായി ചുരുങ്ങി.
വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് പ്രചാരംലഭിച്ചുവരുന്നതേയുള്ളൂ. പല കമ്പനികളും വിപണിയില്‍ ആദ്യമാണ്. അതുകൊണ്ടുതന്നെ തുടക്കത്തില്‍ ബുക്കിങ് വലിയരീതിയില്‍ നടന്നിരുന്നു. ഇവയുടെ വിതരണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഒപ്പം വിപണി സ്ഥിരതയാര്‍ജിച്ചും വരുന്നു. ഇതാണ് രജിസ്‌ട്രേഷന്‍ കുറയാന്‍ കാരണമായതെന്നാണ് വിലയിരുത്തുന്നത്.
എട്ടു കമ്പനികള്‍ ചേര്‍ന്നാണ് വിപണിവിഹിതത്തില്‍ 95 ശതമാനവും കൈയാളുന്നത്. ഏപ്രിലില്‍ ഒല ഇലക്ട്രിക് ആയിരുന്നു രജിസ്‌ട്രേഷനില്‍ ഒന്നാമത്. എന്നാല്‍, മേയില്‍ 31 ശതമാനം ഇടിവുമായി ഒല ഇലക്ട്രിക് രണ്ടാമതായി. ഒലയുടെ 8,704 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്‌ട്രേഷനില്‍ ഏപ്രിലിലേക്കാള്‍ 19 ശതമാനം കുറവുണ്ടായെങ്കിലും 8,894 എണ്ണവുമായി ഒകിനാവ ഒന്നാമതെത്തി.
ഹീറോ ഇലക്ട്രിക്കിന്റെയും വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടുണ്ട്. ഹീറോ മോട്ടോകോര്‍പിന് 35 ശതമാനം പങ്കാളിത്തമുള്ള ഏഥര്‍ എനര്‍ജിയുടെ ഇ-സ്‌കൂട്ടര്‍ രജിസ്‌ട്രേഷനില്‍ ഏപ്രിലിനെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. 3,110 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ബജാജ് ഓട്ടോ, ടി.വി.എസ്. എന്നിവ വാഹന്‍ സൈറ്റില്‍ പ്രത്യേകമായി കണക്കുകള്‍ നല്‍കിയിട്ടില്ല.
ഇ-സ്‌കൂട്ടറുകള്‍ക്ക് ചിലയിടങ്ങളില്‍ തീപ്പിടിത്തമുണ്ടായതും ചിപ്പ് ക്ഷാമവും വിതരണശൃംഖലയിലെ തടസ്സങ്ങളുമെല്ലാം രജിസ്‌ട്രേഷന്‍ കുറയാന്‍ കാരണമായതായും വിലയിരുത്തപ്പെടുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇ-സ്‌കൂട്ടര്‍ രജിസ്‌ട്രേഷനില്‍ വലിയ വര്‍ധനയുണ്ടായിരുന്നു. ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ 15 ശതമാനവും ഫെബ്രുവരിയെക്കാള്‍ മാര്‍ച്ചില്‍ 58 ശതമാനവുമായിരുന്നു വര്‍ധന.