32.3 C
Kottayam
Thursday, May 2, 2024

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 16 റൺസ് തോൽവി,പരമ്പര സമനിലശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 16 റൺസ് തോൽവി,

Must read

പുണെ: അക്ഷറിന്റെയും സൂര്യകുമാറിന്റെയും കൂട്ടുകെട്ടിനും ശിവം മാവിയുടെ പോരാട്ടവീര്യത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ശ്രീലങ്ക ഉയർത്തിയ 207 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, അവസാന ഓവർ വരെ പൊരുതിയെങ്കിലും 16 റൺസ് അകലെ വീണു. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 190 റൺസിൽ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു.

നാണംകെട്ട തോൽവിയിലേക്കു നീങ്ങിയ ആതിഥേയരെ അക്ഷറിന്റെയും സൂര്യകുമാറിന്റെ റെക്കോർഡ് കൂട്ടുകെട്ടും അവസാന ഓവറുകളിൽ തകർത്തടിച്ച ശിവം മാവിയുമാണ് അൽപമെങ്കിലും കരകയറ്റിയത്. അക്ഷർ പട്ടേൽ (31 പന്തിൽ 65), സൂര്യകുമാർ യാദവ് (36 പന്തിൽ 51) എന്നിവർ അർധസെഞ്ചറി തികച്ചപ്പോൾ ശിവം മാവി (15 പന്തിൽ 26) റൺസുമെടുത്ത് പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മുതൽ കണക്കുകൂട്ടലുകൾ പാളി. ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ഇഷാൻ കിഷനെ (5 പന്തിൽ 2) ഇന്ത്യയ്ക്കു നഷ്ടമായി. സ്കോർ ബോർഡിൽ വെറും 12 റൺസു മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. അതേ ഓവറിൽ തന്നെ മറ്റൊരു ഓപ്പണർ ശുഭ്മാൻ ഗില്ലിനെയും (3 പന്തിൽ 5) ഇന്ത്യക്ക് നഷ്ടമായി. അരങ്ങറ്റക്കാരൻ രാഹുൽ ത്രിപാഠിയും (5 പന്തിൽ 5) പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കും (12 പന്തിൽ 12) കഴിഞ്ഞ മത്സരത്തിലെ താരം ദീപക് ഹൂഡയ്ക്കും (12 പന്തിൽ 9) കാര്യമായി ഒന്നും ചെയ്യാനായില്ല.

ഇതിനുശേഷമാണ് സൂര്യകുമാറും അക്ഷറും ഒന്നിച്ചത്. ലങ്കൻ ബോളർമാരെ തലവിലങ്ങും പായിച്ച അക്ഷർ, അതിവേഗം സ്കോർ ഉയർത്തി. വെറും 20 പന്തിൽ അക്ഷർ അർധസെഞ്ചറി തികച്ചത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്നു കൂട്ടിച്ചേർത്തത് 91 റൺസാണ്. രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയും ഏറ്റവും ഉയർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇത്. ഏഴാമനായി ഇറങ്ങിയവരിലെ ഉയർന്ന സ്കോറും അക്ഷർ സ്വന്തമാക്കി. 16–ാം ഓവറിൽ സൂര്യകുമാർ യാദവ് പുറത്തായതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ വീണ്ടും അസ്തമിച്ചു. പിന്നീടെത്തിയ ശിവം മാവി രണ്ടു സിക്സും രണ്ടും ഫോറുമടിച്ച പ്രതീക്ഷയുണർത്തിയെങ്കിലും ജയം അപ്രാപ്യമായിരുന്നു. അവസാന പന്തിലാണ് മാവി പുറത്തായത്. ശ്രീലങ്കയ്ക്കായി ദിൽഷൻ മധുശങ്ക, കസുൻ രജിത, ദസുൻ ശനക എന്നിവർ രണ്ടു വിക്കറ്റ് വീതവും ചാമിക കരുണരത്‌നെ, വനി‍ഡു ഹസരംഗ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക, ആറു വിക്കറ്റ് നഷ്ടത്തിലാണ് 206 റൺസ് എടുത്തത്. ഓപ്പണർ കുശാൽ മെൻഡിസിന്റെയും (31 പന്തിൽ 52) ക്യാപ്റ്റൻ ദസുൻ ശനകയുടെയും (22 പന്തിൽ 56*) അർധസെഞ്ചറിയും പാത്തും നിസങ്ക (35 പന്തിൽ 33), ചരിത് അസലങ്ക (19 പന്തിൽ 37) എന്നിവരുടെ മികച്ച ബാറ്റിങ് പ്രകടനവുമാണ് സന്ദർശകരെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി പേസർ ഉമ്രാൻ മാലിക്ക് മൂന്നു വിക്കറ്റും അക്ഷർ പട്ടേൽ രണ്ടും യുസ്‌വേന്ദ്ര ചെഹൽ ഒരു വിക്കറ്റും വീഴ്ത്തി.

ഓപ്പണർമാർ അടിച്ചുതകർത്തതോടെ മികച്ച തുടക്കമാണ് ലങ്കയ്ക്കു കിട്ടിയത്. ഒന്നാം വിക്കറ്റിൽ നിസങ്കയും മെൻഡിസും ചേർന്ന് 80 റൺസാണ് കൂട്ടിച്ചേർത്തത്. കൂട്ടത്തിൽ മെൻഡിസായിരുന്നു കൂടുതൽ അക്രമകാരി. നാല് സിക്സും മൂന്നും ഫോറും അടങ്ങുതായിരുന്നു മെൻഡിസിന്റെ തകർപ്പൻ ഇന്നിങ്സ്. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 55 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു അവർ. ഒന്നാം ഓവറിൽ മെൻഡിസിനെ വിക്കറ്റിനു മുന്നിൽ കുരുക്കി യുസ്‌വേന്ദ്ര ചെഹലാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ ഭാനുക രാജപക്‌സയെ തൊട്ടടുത്ത ഓവറിൽ ഉമ്രാൻ മാലിക്കും പുറത്താക്കിയതോടെ ലങ്കയുടെ റൺനിരക്ക് കുറഞ്ഞു.

പിന്നീട് കൃത്യമായി ഇടവേളകളിൽ ലങ്കയുടെ വിക്കറ്റുകൾ വീണെങ്കിലും ക്യാപ്റ്റൻ ദസുൻ ശനക കളം നിറഞ്ഞതോടെ അവർ വീണ്ടും ട്രാക്കിലായി. 15 ഓവറിൽ 129/4 എന്ന നിലയിലായിരുന്ന ലങ്ക, അവസാന അഞ്ച് ഓവറിൽ 77 റൺസാണ് അടിച്ചുകൂട്ടിയത്. 22 പന്തിൽ 6 സിക്സറുകളുടെയും 2 ഫോറുകളുടെയും അകമ്പടിയോടെ അർധസെഞ്ചറി തികച്ച ശാനകയുടേത് ലങ്കൻ ബാറ്റർമാരിൽ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ അർധസെഞ്ചറിയാണ്. 2010നു ശേഷം ആദ്യമായാണ് ശ്രീലങ്ക രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയ്ക്കെതിരെ ഇരുന്നൂറിലധികം സ്കോർ നേടുന്നത്.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി രാഹുൽ ത്രിപാഠി അരങ്ങേറ്റം കുറിച്ചു. പരുക്കിനെ തുടർന്നു മലയാളി താരം സഞ്ജു സാംസൺ ടീമിൽനിന്നു പുറത്തായതോടെയാണ് ത്രിപാഠിക്ക് അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയത്. പേസർ അർഷ്‌ദീപ് സിങ്ങും പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തി. ഹർഷൽ പട്ടേലിനു പകരമാണ് അർഷ്‌ദീപ് എത്തിയത്.

ഇന്ത്യ: ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, രാഹുൽ ത്രിപാഠി, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്സർ പട്ടേൽ, ശിവം മാവി, ഉമ്രാൻ മാലിക്, അർഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചെഹൽ

ശ്രീലങ്ക: പാത്തും നിസങ്ക, കുശാൽ മെൻഡിസ്, ധനഞ്ജയ ഡിസിൽവ, ചരിത് അസലങ്ക, ഭാനുക രാജപക്‌സെ, ദസുൻ ശനക, വനി‍ഡു ഹസരംഗ, ചാമിക കരുണരത്‌നെ, മഹീഷ് തീക്ഷണ, കസുൻ രജിത, ദിൽഷൻ മധുശങ്ക

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week