ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവുമധികം അസമത്വം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് വേള്‍ഡ് ഇനിക്വാളിറ്റി ലാബിന്റെ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വരുമാനത്തിന്റെ അഞ്ചിലൊന്നും ഒരു ശതമാനത്തിന്റെ കൈയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായ ജനതയുടെ ശരാശരി ദേശീയ വരുമാനം 2,04,200 രൂപയാണ്.
എന്നാല്‍ ജനസംഖ്യയുടെ അന്‍പതു ശതമാനത്തിനും വരുമാനം 53,610 രൂപ മാത്രമാണ്. ശരാശരി വരുമാനത്തിന്റെ ഇരുപത് ഇരട്ടിയാണ് ഉയര്‍ന്ന വരുമാനക്കാരായ പത്തു ശതമാനത്തിന്റേത്. 11,66,520 രൂപയാണ് ഇവരുടെ വരുമാനം.ആകെ ദേശീയ വരുമാനത്തിന്റെ 57 ശതമാനവും പത്തു ശതമാനത്തിന്റെ പക്കലാണ്. ഒരു ശതമാനം ആള്‍ക്കാരാണ് ആകെ ദേശീയ വരുമാനത്തിന്റെ ഇരുപതു ശതമാനം നേടുന്നത്.
ആകെ വരുമാനത്തിന്റെ പതിമൂന്നു ശതമാനം മാത്രമാണ് ജനസംഖ്യയുടെ പകുതിക്കുമുള്ളതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.എണ്‍പതുകളുടെ പകുതിയില്‍ തുടക്കമിട്ട ഉദാരവത്കരണ നയങ്ങള്‍ രാജ്യത്തെ സാമ്പത്തിക അസന്തുലിതത്വം മറ്റെങ്ങുമില്ലാത്ത വിധം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
ലിംഗ അസമത്വവും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കൂടുതലാണ്. പതിനെട്ടു ശതമാനമാണ് പെണ്‍ തൊഴിലാളികളുടെ വരുമാനം. ചൈന ഒഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഇത് 21 ശതമാനമാണ്.