ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 21-ാം സ്വര്‍ണം. അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ അഭിഷേക് വര്‍മ, ഓജസ് പ്രവീണ്‍, പ്രഥമേഷ് സമാധാന്‍ സഖ്യമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ ടീമിനെതിരേ 235-230 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ ജയം. ഗെയിംസിന്റെ 12-ാം ദിനത്തില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ സ്വര്‍ണമാണിത്. നേരത്തേ വനിതകളുടെ കോമ്പൗണ്ട് ടീമും സ്വര്‍ണം നേടിയിരുന്നു.
സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ – ഹരീന്ദര്‍ പാല്‍ സിങ് സഖ്യവും സ്വര്‍ണം നേടി. ഫൈനലില്‍ മലേഷ്യയെ 2-0ന് കീഴടക്കിയാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം.
അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ 230-229 എന്ന സ്‌കോറിന് മറികടന്നായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ കിരീട നേട്ടം. ആദ്യ റൗണ്ടിവും മൂന്നാം റൗണ്ടിലും പിന്നില്‍ പോയ ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്.
ഇതോടെ 21 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവും ചേര്‍ത്ത് ഇന്ത്യയുടെ മെഡല്‍ നേട്ടം ആകെ 84 മെഡലായി.
ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മെഡലുറപ്പിച്ച് മലയാളി താരം എച്ച്.എസ് പ്രണോയ് സെമിയിലെത്തി. 1982-ല്‍ വെങ്കലം നേടിയ സയ്യിദ് മോദിക്ക് ശേഷം ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മെഡലുറപ്പാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും പ്രണോയ് സ്വന്തമാക്കി. മലേഷ്യയുടെ ലീ സി ജിയയെ 21-16, 21-23, 22-10 എന്ന സ്‌കോറിന് മറികടന്നായിരുന്നു താരത്തിന്റെ സെമി പ്രവേശനം.
ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ പി.വി സിന്ധു ചൈനയുടെ ബിന്‍ജിയാവോയോട് തോറ്റ് പുറത്തായി. മാരത്തണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരം മാന്‍ സിങ്ങിന് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.