പീരുമേട്: വാടകയ്ക്ക് എടുത്ത റിസോര്‍ട്ടില്‍ അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തില്‍ പങ്കാളിയായ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കാഞ്ഞാര്‍ പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സി.പി.ഒ. ടി.അജിമോനെയാണ് ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. കേന്ദ്രത്തിലെ പ്രധാന നടത്തിപ്പുകാരില്‍ ഒരാള്‍ അജിമോനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പീരുമേട്- തോട്ടാപ്പുര റോഡിലെ ക്ലൗഡ് വാലി റിസോര്‍ട്ടിലെ അനാശാസ്യ കേന്ദ്രത്തില്‍നിന്ന് മൂന്ന് ഇതര സംസ്ഥാനക്കാരടക്കം അഞ്ചുസ്ത്രീകളെ പിടികൂടിയിരുന്നു. പോലീസെത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നടത്തിപ്പുകാര്‍ ഓടി രക്ഷപ്പെട്ടു. പിടിയിലായവരെ ചോദ്യം ചെയ്തതിലൂടെയാണ് അനാശാസ്യകേന്ദ്രം നടത്തിപ്പില്‍ പോലീസുകാരന്റെ പങ്കാളിത്തം അന്വേഷണ ഉദ്യോഗസ്ഥര്‍ അറിഞ്ഞത്.
പോലീസ് അന്വേഷണത്തിനായി റിസോര്‍ട്ടില്‍ എത്തിയ വിവരം അറിയിക്കാന്‍ ഇവിടുണ്ടായിരുന്ന സ്ത്രീകള്‍ ആദ്യം വിളിച്ചത് അജിമോനെയായിരുന്നു. ചോദ്യംചെയ്യലില്‍ പ്രധാന നടത്തിപ്പുകാരില്‍ ഒരാള്‍ അജിമോനാണെന്ന് ഉറപ്പുവരുത്തി. പോലീസ് കാണിച്ച അജിമോന്റെ ഫോട്ടോ സ്ത്രീകള്‍ തിരച്ചറിയുകയുംചെയ്തു.
സ്ത്രീകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി സ്വീകരിക്കാന്‍ പീരുമേട് ഡിവൈ.എസ്.പി. ജെ.കുര്യാക്കോസ് റിപ്പോര്‍ട്ട് നല്‍കിയത്. സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന കാരണത്താലാണ് അജിമോനെ സസ്പെന്‍ഡ് ചെയ്തത്.
പോലീസുകാരന്‍ ഉള്‍പ്പെടെ മൂന്നു പേരാണ് കേന്ദ്രം നടത്തിയിരുന്നത്. റിസോര്‍ട്ട് നടത്തിപ്പുകാരനായ ജോണ്‍സനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പീരുമേട് ഡിവൈ.എസ്.പി. പറഞ്ഞു. പോലീസ് സ്റ്റേഷന് വാരകള്‍ മാത്രം അകലെയുള്ള റിസോര്‍ട്ട് കുറച്ചുനാളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു
കഴിഞ്ഞ ഒരു വര്‍ഷമായി ഇടപാടുകള്‍ നടന്നുവരുന്നതായാണ് പിടിയിലായവര്‍ നല്‍കിയ മൊഴി. നടത്തിപ്പുകാരനായ പോലീസുകാരന്റെ സ്വാധീനമാണ് രഹസ്യാന്വേഷണ വിഭാഗമടക്കം കേന്ദ്രത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാതിരുന്നതിന് കാരണം.
കുമളി, പരുന്തുംപാറ, വാഗമണ്‍ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളില്‍ ഇവര്‍ സ്ത്രീകളെ എത്തിച്ച് നല്‍കിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.