ന്യൂഡല്‍ഹി: കൊവിഡ് കാരണം രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് കൂട്ടി. 2000 രൂപയില്‍ നിന്ന് 4000 രൂപയായാണ് വര്‍ധിപ്പിച്ചത്. സ്‌റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ശുപാര്‍ശ അടുത്ത ആഴ്ച കേന്ദ്ര മന്ത്രിസഭ പരിഗണിക്കും.
മാതാപിതാക്കളോ, അവരില്‍ ഒരാളോ അതല്ലെങ്കില്‍ രക്ഷകര്‍തൃ സ്ഥാനത്ത് നില്‍ക്കുന്നയാളോ കൊവിഡ് മൂലം മരിച്ചിട്ടുണ്ടെങ്കിലാണ് കുട്ടികള്‍ക്ക് സ്റ്റൈപ്പന്‍ഡ് ലഭിക്കുന്നത്. ഇതിനായി പിഎം കെയേഴ്സ് ഫണ്ടില്‍ നിന്ന് സഹായധനം അനുവദിക്കാന്‍ ഈ വര്‍ഷം മേയില്‍ തീരുമാനിച്ചിരുന്നു. 3250 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. അതില്‍ 667 അപേക്ഷകള്‍ അംഗീകരിച്ചു. അതാത് ജില്ലാ കളക്ടര്‍മാര്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്.
അതേസമയം കൊവിഡ് സ്ഥിരീകരിച്ച് മുപ്പതു ദിവസത്തിനുള്ളില്‍ മരിച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാനദണ്ഡം അനുസരിച്ച് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തിന് അവസരം ഒരുങ്ങുന്നതോടെ കേരളത്തില്‍ കുറഞ്ഞത് 43000 പേരുടെ കുടുംബങ്ങള്‍ക്ക് അതു ലഭിക്കും.
കഴിഞ്ഞ ദിവസം 22,650 പേരാണ് സര്‍ക്കാരിന്റെ കണക്കു പ്രകാരം കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ആദ്യതരംഗം മുതല്‍ പരിഗണിക്കുമ്പോഴാണ് ഇത് ഇരട്ടിയോളമാവുന്നത്. കൊവിഡ് പോസിറ്റീവായിരിക്കേയുള്ള മരണം മാത്രമാണ് ആദ്യഘട്ടത്തില്‍ ഈ ഗണത്തില്‍പ്പെടുത്തിയിരുന്നത്. ഭേദമായി ഏഴുദിവസത്തിനുള്ളില്‍ മരിച്ചാലും പരിഗണിക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പാക്കിയില്ല. ഇതുകാരണം പലമരണങ്ങളും കൊവിഡിന് പുറത്തായി.ശക്തമായ ആക്ഷേപങ്ങള്‍ക്കും ഇത് ഇടവരുത്തിയിരുന്നു.
രണ്ടാംതരംഗം മുതല്‍ തുടര്‍പരിശോധന നിര്‍ബന്ധമല്ലാതായി. പോസിറ്റീവായി 17ദിവസത്തിനുള്ളില്‍ മരിച്ചാല്‍ കൊവിഡായി കണക്കാക്കുന്ന രീതി വന്നു. നിലവില്‍ ഇതാണ് മാനദണ്ഡം. മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ 17ദിവസത്തിനുള്ളിലെ മരണമാണ് കൊവിഡായി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതു കഴിഞ്ഞാല്‍ അനുബന്ധരോഗമെന്ന വിഭാഗത്തിലേക്ക് മാറ്റും.
ഐ.സി.യുവിലുള്ള രോഗിയ്ക്ക് നേരിയ ശമനമുണ്ടായാല്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. വീട്ടിലെത്തുന്ന ഇവര്‍ മരിച്ചാലും സാധാരണ മരണമായാണ് കണക്കാക്കിയത്. മുന്‍കാല പ്രാബല്യം അംഗീകരിച്ചാല്‍ ഇതെല്ലാം കൊവിഡ് മരണമായി മാറാന്‍ പുതിയ മാര്‍ഗനിര്‍ദേശം വഴിയൊരുക്കും.