കൊല്ലം: എസ്എൻ കോളജിൽ എഐഎസ്എഫ് പ്രവർത്തകരായ വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ കോളജിൽ ബിരുദ വിദ്യാർഥികളായ ഗൗതം, രഞ്ജിത്, ശരത് എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. ഇവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
കോളജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ തങ്ങളുടെ മേൽക്കോയ്മ തകർത്തതോടെയാണ് എഐഎസ്എഫിനെതിരെ രണ്ടിടത്ത് എസ്എഫ്ഐ അക്രമവും അഴിഞ്ഞാട്ടവും നടത്തിയത്. കൊല്ലം എസ്എൻ കോളജ്, അടൂർ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജ് എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്.
എഐഎസ്എഫ് പ്രവർത്തകരെ എസ്എഫ്ഐക്കാർ ക്രൂരമായി ആക്രമിച്ചു. കത്തിയും കമ്പിവടിയും ഉൾപ്പെടെയുള്ള ആയുധങ്ങൾ കൊണ്ടുള്ള ആക്രമണത്തിൽ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 15 പേർക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ 2 പേരെ കൊല്ലം ഗവ. മെഡിക്കൽ കോളജിലും 2 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ ജില്ലാ ആശുപത്രിയിലാണ്.
എസ്എൻ കോളജിൽ എസ്എഫ്ഐ പ്രവർത്തകർ ക്ലാസ് മുറിയിൽ പൂട്ടിയിട്ട 2 വിദ്യാർഥിനികളെ ഏറെക്കഴിഞ്ഞ് സിപിഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എംഎൽഎയും മറ്റു നേതാക്കളും എത്തിയാണു പ്രിൻസിപ്പലിന്റെ സഹായത്തോടെ പുറത്തെത്തിച്ചത്.