ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതില്‍ 97 ശതമാനം സീറ്റിലും കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. 399 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. രണ്ടു സീറ്റില്‍ മാത്രം ജയിക്കാനായ പാര്‍ട്ടിയുടെ 387 സ്ഥാനാര്‍ഥികള്‍ക്കാണ് കെട്ടിവച്ച കാശ് നഷ്ടമായത്. പാര്‍ട്ടിയുടെ ആകെ വോട്ടു വിഹിതം-2.4 ശതമാനം.
ആകെയുള്ള 403 സീറ്റിലും മത്സരിച്ച ബിഎസ്പിയുടെ 72 ശതമാനം സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച കാശു പോയി. 290 സീറ്റിലാണ് മായാവതിയുടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്കു ഡെപ്പോസിറ്റ് പണം നഷ്ടമായത്. അഞ്ചു വര്‍ഷം തികച്ചു തുടര്‍ഭരണമുണ്ടാക്കി ചരിത്രം രചിച്ച ബിജെപിക്കു മൂന്നു സീറ്റില്‍ കെട്ടിവച്ച കാശു പോയിട്ടുണ്ട്.
347 സീറ്റില്‍ മത്സരിച്ച എസ്പിക്ക് ആ്റു സീറ്റിലാണ് പണം നഷ്ടമായത്.ബിജെപി സഖ്യകക്ഷികളായ അപ്നാ ദള്‍ (സോനേലാല്‍), നിഷാദ് പാര്‍ട്ടി എന്നിവയ്ക്ക് ഒറ്റ സീറ്റിലും കെട്ടിവച്ച കാശു പോയില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അതേസമയം എസ്പി സഖ്യത്തില്‍ ഉള്‍പ്പെട്ട എസ്പിബിഎസ്പി, അപ്നാദള്‍ (കമേരാവാഡി) എന്നിവയ്ക്ക് എട്ടു സീറ്റുകളില്‍ കെട്ടിവച്ച കാശു നഷ്ടമായി.
33 സീറ്റില്‍ മത്സരിച്ച ആര്‍എല്‍ഡി മൂന്നു സീറ്റിലാണ് പണം പോയത്.ആകെ പോള്‍ ചെയ്ത സാധുവായ വോട്ടിന്റെ ആറിലൊന്നെങ്കിലും നേടാനാവാത്തവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശു നഷ്ടമാവുക.