തൃപ്പൂണിത്തുറ: രാത്രി വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയ ആള്‍ പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മരിച്ചു. ഇരുമ്പനം കര്‍ഷക കോളനിയില്‍ ചാത്തന്‍വേലില്‍ രഘുവരന്റെ മകന്‍ മനോഹരന്‍ (52) ആണ് തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മരിച്ചത്. നിര്‍മാണത്തൊഴിലാളിയാണ്.
ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കര്‍ഷക കോളനി ഭാഗത്തുവെച്ചാണ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. ഇരുചക്ര വാഹനത്തില്‍ വന്ന മനോഹരന്‍ പോലീസ് കൈകാണിച്ചപ്പോള്‍ വണ്ടി അല്‍പ്പം മുന്നോട്ട് നീങ്ങിയതാണ് നിര്‍ത്തിയതത്രെ. ഇതില്‍ കുപിതനായ ഒരു പോലീസുദ്യോഗസ്ഥന്‍ മനോഹരനെ മര്‍ദിച്ചതായി നാട്ടുകാര്‍ പറഞ്ഞു. മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ പോലീസ് യന്ത്രം ഉപയോഗിച്ച് ഊതിച്ചിരുന്നു. തുടര്‍ന്ന് മനോഹരനെ പോലീസ് പിടികൂടി ജീപ്പില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പരിസരത്തുണ്ടായിരുന്നവര്‍ പറയുന്നു.
ശനിയാഴ്ച രാത്രി ജീപ്പില്‍ സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരന്‍ കുഴഞ്ഞുവീണെന്നാണ് പോലീസ് പറയുന്നത്. ഉടന്‍ പോലീസ് ജീപ്പില്‍ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആള്‍ മരിച്ച നിലയിലായിരുന്നു.
മനോഹരനെ പോലീസ് മര്‍ദിച്ചതായാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. മരണവിവരമറിഞ്ഞതിന് പിന്നാലെ ശനിയാഴ്ച രാത്രി വൈകി ബന്ധുക്കളും നാട്ടുകാരും പോലീസ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താമെന്ന പോലീസിന്റെ ഉറപ്പിലാണ് ഇവര്‍ പിരിഞ്ഞുപോയത്.
അതേസമയം, മനോഹരനെ മര്‍ദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു. മനോഹരന്റെ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ്. ഭാര്യ: സിനി. മക്കള്‍: അര്‍ജുന്‍, സച്ചിന്‍.