30 C
Kottayam
Friday, April 26, 2024

സ്വകാര്യ ഭാഗത്ത്‌ എപ്പോഴും പുകച്ചിലും ചൊറിച്ചിലും; സ്ത്രീകള്‍ അറിയേണ്ടത്

Must read

കൊച്ചി:സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ഒരുപോലെ ബാധിക്കുന്ന അസുഖങ്ങളേറെയുണ്ട്. എന്നാല്‍ ലിംഗവ്യത്യാസത്തിന് അനുസരിച്ച് പ്രത്യേകമായി സ്ത്രീകളെയും പുരുഷന്മാരെയും കടന്നുപിടിക്കുന്ന വേറൊരു വിഭാഗം അസുഖങ്ങളുണ്ട്. പ്രധാനമായും പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട് പിടിപെടുന്ന അസുഖങ്ങളാണ് ഇവയിലേറെയും.

ഇത്തരത്തില്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ചില പ്രശ്നങ്ങളാണിനി പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല സ്വകാര്യഭാഗത്ത്, അതായത് യോനിയില്‍ അസാധാരണമായി കാണുന്ന വ്യത്യാസങ്ങള്‍- ഇവ എന്താണ് സൂചിപ്പിക്കുന്നത് എന്നതിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

അസാധാരണമായ ‘ഡിസ്ചാര്‍ജ്’…

സ്ത്രീകളില്‍ യോനിയില്‍ നിന്ന് ചെറിയ രീതിയില്‍ കൊഴുപ്പുള്ള ദ്രാവകം (ഡിസ്ചാര്‍ജ്) പുറത്തുവരുന്നത് സാധാരണമാണ്. എന്നാല്‍ വളരെയധികം കട്ടിയില്‍ എല്ലായ്പ്പോഴും ഡിസ്ചാര്‍ജ് വരുന്നുവെങ്കില്‍ ഇത് തീര്‍ച്ചയായും ശ്രദ്ധിക്കണം. എന്തെങ്കിലും അസുഖത്തിന്‍റെയോ അണുബാധകളുടെയോ ഭാഗമായാകാം ഇത് സംഭവിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ അടിവസ്ത്രത്തിന്‍റെ പ്രശ്നം മൂലവും ഇങ്ങനെയുണ്ടാകും. ഡയറ്റില്‍ മധുരത്തിന്‍റെ അളവ് കൂടുക, വെള്ളം കുടിക്കുന്നത് കുറയുക എന്നിങ്ങനെയുള്ള കാരണങ്ങളും ഇതിന് പിന്നില്‍ വരാം. എന്താണാ കാരണമെന്നത് ഡോക്ടറുടെ പരിശോധനയിലൂടെ തന്നെ കണ്ടെത്തുക.

രക്തസ്രാവം…

ആര്‍ത്തവസമയത്ത് തന്നെ അസാധാരണമായ രീതിയില്‍ രക്തസ്രാവം ഉണ്ടാകുകയാണെങ്കില്‍ തീര്‍ച്ചയായും അത് ഡോക്ടറെ കാണിക്കണം. അതുപോലെ തന്നെ ആര്‍ത്തവമില്ലാത്തപ്പോള്‍ രക്തക്കറ കണ്ടാലും ഇതിനുള്ള കാരണം പരിശോധനയിലൂടെ കണ്ടെത്തണം. അധികവും ഇത് ഹോര്‍മോണ്‍ പ്രശ്നങ്ങളെ തുടര്‍ന്നാകാം സംഭവിക്കുന്നത്.

സെക്സിന് ശേഷം പതിവായി രക്തം കാണുന്നത് അര്‍ബദ ലക്ഷണമായും വരാറുണ്ട്. എന്തായാലും ഗൈനക്കോളജിസ്റ്റിനെ കണ്ട ശേഷം ഇക്കാര്യം പരിശോധിക്കുക.

ചൊറിച്ചിലും ചുവപ്പ് നിറവും…

യോനിയില്‍ ചൊറിച്ചിലും ചുവപ്പ് നിറവും കാണുന്നുണ്ടെങ്കില്‍ അതും സമയബന്ധിതമായി തന്നെ പരിഹരിക്കാൻ ശ്രദ്ധിക്കണം. ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നാകാം ഒന്നുകില്‍ ഇങ്ങനെ സംഭവിക്കുന്നത്. അതല്ലെങ്കില്‍ ശുചിത്വക്കുറവാകാം. അതുപോലെ തന്നെ യീസ്റ്റ് അണുബാധകള്‍, ലൈംഗിക രോഗങ്ങള്‍, ബാക്ടീരിയല്‍ അണുബാധ എന്നിവയുടെയും ലക്ഷണമാകാം.

ദുര്‍ഗന്ധം…

യോനിയില്‍ നിന്ന് അസാധാരണമാം വിധം ദുര്‍ഗന്ധമുണ്ടാകുന്നുവെങ്കിലും മനസിലാക്കുക, ഏതോ വിധത്തിലുള്ള ആരോഗ്യപ്രശ്നമോ അസുഖമോ നിങ്ങളെ ബാധിച്ചിരിക്കുന്നു. ‘ബാക്ടീരിയല്‍ വജൈനോസിസ്’ എന്ന രോഗത്തിന്‍റെയോ ലൈംഗിക രോഗങ്ങളുടെയോ കാരണമായി ഇങ്ങനെ സംഭവിക്കാം. ഇതും തീര്‍ച്ചയായും പരിശോധനയ്ക്ക് വിധേയമാക്കുക. 

പുകച്ചില്‍…

യോനിയില്‍ എല്ലായ്പ്പോഴും പുകച്ചില്‍ തോന്നുന്നതും നിസാരമാക്കി കളയരുത്. മൂത്രമൊഴിക്കുമ്പോഴോ, സെക്സിലേര്‍പ്പെടുമ്പോഴോ എല്ലാം ഈ പുകച്ചില്‍ പതിവാണെങ്കില്‍ പരിശോധിക്കണം. ഒരുപക്ഷേ മൂത്രാശയ അണുബാധയാകാം ഇതിന് കാരണമായി വരുന്നത്. അല്ലാത്തപക്ഷം ലൈംഗിക രോഗങ്ങളോ, ബാക്ടീരിയല്‍ അണുബാധയോ എല്ലാമാകാം.

പലപ്പോഴും മേല്‍പ്പറഞ്ഞത് പോലുള്ള പ്രശ്നങ്ങള്‍ സ്ത്രീകള്‍ വളരെ അടുപ്പമുള്ളവരോടോ പങ്കാളിയോടോ പോലും തുറന്നുപറയാൻ ശങ്കിക്കാറുണ്ട്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതും ചികിത്സ വൈകിപ്പിക്കുന്നതും വീണ്ടും സങ്കീര്‍ണതകളേ സൃഷ്ടിക്കൂ. അതിനാല്‍ ഇക്കാര്യങ്ങളെല്ലാം കരുതലോടെ നിരീക്ഷിച്ച് ചികിത്സ ആവശ്യമെങ്കില്‍ മടി കൂടാതെ ചികിത്സ തേടുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week