തിരുവല്ലയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു

പത്തനംതിട്ട:തിരുവല്ലയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു.

ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മകൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ . തിരുവല്ല നെടുമ്പ്രം നാലാം വാർഡിൽ ആലപ്പാട്ട് ഭാഗത്ത് തെക്കേവീട്ടിൽ മാത്തുക്കുട്ടി ( 65), സാറാമ്മ (59) എന്നിവരാണ് മരിച്ചത്.

മകൾ ലിജിയെ (35) ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്ന് മാത്തുക്കുട്ടി കന്നാസിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് ഭാര്യയെ തീ കൊളുത്തുകയായിരുന്നു.

ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകൾ ലിജിക്ക് പൊള്ളലേറ്റത്. തീപിടുത്തത്തിൽ വീട്ടിലെ രണ്ട് മുറികൾ പൂർണമായ കത്തി നശിച്ചു. പൊള്ളലേറ്റ സാറാമ്മയെയും മകൾ ലിജിയെയും നാട്ടുകാർ ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതിന് പിന്നാലെ മാത്തുക്കുട്ടി പുലർച്ചെ മൂന്ന് മണിയോടെ വീടിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഗുരുതരമായ പൊള്ളലേറ്റ സാറാമ്മ പുലർച്ചെ നാലരയോടെ മരണത്തിന് കീഴടങ്ങി. പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി. രാവിലെ 11 മണിയോടെ വിരലടയാള വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തുമെന്ന് പുളിക്കീഴ് സി ഐ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News