സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം;ഗുജറാത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു

ബെനോളിം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് വിജയത്തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മധ്യനിര താരം അക്ബര്‍ സിദ്ദിഖ് ഇരട്ട ഗോളുകള്‍ നേടി തിളങ്ങിയ മത്സരത്തില്‍ ക്യാപ്റ്റന്‍ നിജോ ഗില്‍ബേര്‍ട്ട് ഒരു ഗോളും നേടി.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ കേരളം മൂന്ന് ഗോളിന്റെ വമ്പന്‍ ലീഡെടുത്തു. 12-ാം മിനിറ്റിലായിരുന്നു അക്ബര്‍ സിദ്ദിഖിന്റെ ആദ്യ ഗോള്‍. 33-ാം മിനിറ്റില്‍ അക്ബര്‍ തന്നെ ലീഡ് ഇരട്ടിയാക്കി. രണ്ടാം ഗോള്‍ പിറന്ന് മൂന്ന് മിനിറ്റിന് ശേഷം നായകന്‍ നിജോയും ലക്ഷ്യം കണ്ടു. ഇതോടെ കേരളം ആധികാരിക വിജയം ഉറപ്പിച്ചു.

രണ്ടാം പകുതിയില്‍ പ്രതിരോധത്തിലൂന്നിയുള്ള ഫുട്‌ബോളാണ് കേരളം പുറത്തെടുത്തത്. ഗുജറാത്തിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിക്കുന്നതില്‍ കേരള താരങ്ങള്‍ വിജയിച്ചു. ഒക്ടോബര്‍ 13ന് ജമ്മു കാശ്മീരിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ഛത്തീസ്ഗഢ്, ഗോവ എന്നിവരും കേരളത്തിന്റെ ഗ്രൂപ്പിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News