കൊല്ലം: സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് അജ്മലിനും ഡോ. ശ്രീക്കുട്ടിക്കും എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കൾ കൈമാറിയവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇരുവരും ഇടയ്ക്കിടെ തങ്ങാറുള്ള കരുനാഗപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ മറ്റ് ചിലരും എത്താറുണ്ടെന്ന് ജീവനക്കാർ മൊഴി നൽകി.
കഴിഞ്ഞ ദിവസം അജ്മലിനെയും ശ്രീക്കുട്ടിയേയും ആനൂർക്കാവിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ യുവാക്കൾ സംഘടിച്ചിരുന്നു. ഇവർ ലഹരി സംഘത്തിൽ പ്പെട്ടവരാണെന്നാണ് സംശയം.
കൊലപാതകം നടന്ന മൈനാഗപ്പള്ളി ആനൂർക്കാവിൽ നിന്ന് രക്ഷപ്പെട്ട് കരുനാഗപ്പള്ളിയിലെത്തിയ മുഹമ്മദ് അജ്മൽ ലഹരിസംഘത്തിന്റെ സഹായത്തോടെയാണ് ശൂരനാട് പതാരത്തെ സുഹൃത്തിന്റെ വീട്ടിൽ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
അന്ന് അജ്മലിന് ഒളിച്ചുകഴിയാൻ സഹായിച്ച പതാരത്തെ സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ ദിവസം കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ, സംഭവം ദിവസം ഉച്ചയ്ക്ക് ഇവർ ഭക്ഷണം കഴിച്ച കരുനാഗപ്പള്ളി മാരാരിത്തോട്ടത്തെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. പ്രതികളെ ഒരുമിച്ചും അല്ലാതെയും ചോദ്യം ചെയ്തു. ഞായർ വൈകിട്ട് 5ന് കസ്റ്റഡി അവസാനിക്കുന്നതോടെ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കും.