കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും വെന്തുമരിച്ചത് പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ. വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് യാത്ര തിരിച്ച ഇവരുടെ കാര്‍ ആശുപത്രിക്ക് 100 മീറ്റര്‍ മാത്രം അകലെവെച്ചാണ് തീപിടിച്ചത്. തീ ആളിപടര്‍ന്നതോടെ മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ കഴിയാതിരുന്നതോടെ രക്ഷപ്പെടാനാകാതെ ഇരുവരും അഗ്നിക്കിരയാവുകയായിരുന്നു. കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്തും ഭാര്യ റീഷയുമാണ് ദാരുണമായി വെന്തുമരിച്ചത്.
ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ അതിന് സാധിച്ചില്ലെന്നും മരണവെപ്രാളത്തില്‍ അവരുടെ നിലവിളി നിസ്സഹായരായി കണ്ടുനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആര്‍ക്കും അടുക്കാനാകാത്ത വിധത്തിലാണ് തീ ആളിപ്പടര്‍ന്നത്. നിമിഷ നേരത്തിനുള്ളില്‍ തന്നെ കാറിന് ഉള്‍വശം പൂര്‍ണമായി കത്തിനശിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തീ കണ്ടതിനെ തുടര്‍ന്ന് വഴിമധ്യേ നിര്‍ത്തിയ കാര്‍ റോഡില്‍ നിന്നുകത്തുകയായിരുന്നു. മരിച്ച പ്രജിത്തും റീഷയും മുന്‍വശത്താണ് ഇരുന്നിരുന്നത്. ഇവര്‍ക്ക് പുറമേ റിഷയുടെ മാതാപിതാക്കളും ഒരുകുട്ടിയും ഉള്‍പ്പെടെ നാല് പേരും കാറിലുണ്ടായിരുന്നു. പിന്‍സീറ്റിലായിരുന്ന ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാറിനുള്ളില്‍ കുടുങ്ങിയവരും രക്ഷപ്പെട്ട് പുറത്തിറങ്ങിയ ബന്ധുക്കളും നിലവിളിക്കുന്ന ദൃശ്യങ്ങളും നാട്ടുകാര്‍ വെള്ളം ഒഴിച്ചും കല്ലെടുത്ത് കാറിന്റെ ചില്ല് പൊട്ടിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളുമാണ് വീഡിയോയിലുള്ളത്.
കാറിന്റെ ഡാഷ്‌ബോര്‍ഡിന് മുന്‍വശത്തുനിന്നാണ് തീപടര്‍ന്നതെന്നാണ് വിവരം. പ്രജിത്താണ് വാഹനം ഓടിച്ചിരുന്നത്. തീ ഉയരുന്നത് കണ്ട് പ്രജിത്ത് തന്നെയാണ് പിന്നിലെ ഡോര്‍ തുറന്നുകൊടുത്തത്. പിന്‍സീറ്റിലിരുന്ന നാലുപേരും ഉടന്‍ പുറത്തിറങ്ങി രക്ഷപ്പെട്ടു. എന്നാല്‍ മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ സാധിക്കാതിരുന്നതോടെ പ്രജിത്തും റിഷയും കാറിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഓടിക്കൂടിയവരെ കൈകാട്ടി വിളിച്ച് പ്രജിത്ത് സഹായം അഭ്യര്‍ഥിച്ചെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ വാഹനത്തിന് സമീപത്തേക്ക് ആര്‍ക്കും അടുക്കാനായില്ല.
അപകടം നടന്നതിന് തൊട്ടുസമീപമാണ് ഫയര്‍ സ്റ്റേഷന്‍. ദൃക്‌സാക്ഷികളില്‍ ഒരാള്‍ ഫയര്‍ ഫോഴ്‌സ് ഓഫീസിലേക്ക് ഓടിയെത്തിയാണ് അപകട വിവരം അറിയിച്ചത്. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. എന്നാല്‍ തീ അതിവേഗത്തില്‍ ആളിപ്പടര്‍ന്നതിനാല്‍ വാഹനത്തില്‍നിന്ന് പുറത്തെടുക്കും മുമ്പേ തന്നെ പ്രജിത്തും റീഷയും മരിച്ചിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ മുന്‍വശത്തെ ഡോറ് തുറക്കാന്‍ കഴിയാത്തതാണ് രണ്ടുപേര്‍ വെന്തുമരിക്കാന്‍ കാരണമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം അറിയാന്‍ വിദഗ്ധ പരിശോധന ആവശ്യമുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.