CrimeNationalNews

വിവാഹേതര ബന്ധം ഭാര്യ അറിഞ്ഞു; 5 ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കി കൊലപാതകം,ഭര്‍ത്താവ് അറസ്റ്റില്‍

ന്യൂഡൽഹി: വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഭാര്യയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. വാടക കൊലയാളികളുടെ കുത്തേറ്റ് വ്യാഴാഴ്ചയാണ് യുവതി കൊല്ലപ്പെട്ടത്. കേസിൽ യുവതിയുടെ ഭർത്താവായ നവീൻ ഗുലേറിയയ്ക്ക് പുറമേ വാടക കൊലയാളികളായ സോനു, രാഹുൽ എന്നീ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

തെക്കൻ ഡൽഹിയിലെ മാൾവ്യാ നഗറിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ശരീരത്തിൽ പതിനേഴോളം കുത്തേറ്റാണ് യുവതി കൊല്ലപ്പെട്ടത്. അഞ്ച് ലക്ഷം രൂപ ക്വട്ടേഷൻ നൽകിയാണ് നവീൻ ഗുലേറിയ ഭാര്യയെ വകവരുത്തിയതെന്നും പോലീസ് പറഞ്ഞു.

രക്തത്തിൽ കുളിച്ച യുവതിയുടെ മൃതദേഹം ഭർത്താവ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെ കുട്ടിയെ വീട്ടിലാക്കാൻ എത്തിയ ജോലിക്കാരനാണ് കുത്തേറ്റ് കിടക്കുന്ന ഭാര്യയുടെ മൃതദേഹം ആദ്യം കണ്ടതെന്നായിരുന്നു നവീൻ പോലീസിനെ അറിയിച്ചത്. എന്നാൽ സംഭവസമയത്ത് രണ്ട് പേർ വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്നതായും പിന്നീട് മൂന്നുപേർ തിരികെ പോകുന്നതായും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് കണ്ടെത്തി.

ഇതുപിന്നാലെ നവീന്റെ ഫോൺ പരിശോധിച്ച പോലീസ് ഗോവിന്ദപുരിയിലെ ഒരു സ്ത്രീയുമായി ഇയാൾക്ക് വിവാഹേതര ബന്ധമുണ്ടെന്നും തിരിച്ചറിഞ്ഞു. കൊലപാതകം നടന്ന ദിവസം ഈ യുവതിയുമായി നവീൻ നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നുവെന്നും കണ്ടെത്തി. തുടർ പരിശോധനയിൽ നവീന്റെ ഇരുചക്ര വാഹനത്തിൽ നിന്ന് 50,000 രൂപയും വാടക കൊലയാളിയുടെ ഫോണും പോലീസിന് ലഭിച്ചു. ഇതിനുപിന്നാലെയാണ് രണ്ട് വാടക കൊലയാളികളെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
നാല് മാസങ്ങൾക്ക് മുമ്പ് നവീന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് ഭാര്യ അറിഞ്ഞിരുന്നു. ഇതേതുടർന്നാണ് ഭാര്യയെ കൊലപ്പെടുത്താൻ നവീൻ ക്വട്ടേഷൻ നൽകിയതെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button