ഇസ്ലാമാബാദ് പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ അറസ്റ്റിനെ തുടർന്ന് പാകിസ്താനിൽ വൻസംഘർഷം. തെഹ് രികെ ഇൻസാഫ് പാർട്ടിയുടെ പ്രതിഷേധമാണ് അക്രമാസക്തമായത്. കറാച്ചിയിൽ സർക്കാർ വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു.
പാക് എയർഫോഴ്സ് മെമ്മോറിയൽ പ്രതിഷേധക്കാർ തകർത്തു. സൈനിക ഉദ്യോഗസ്ഥന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് അകത്ത് വച്ച് അർധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ് ആണ് ഇമ്രാനെ കസ്റ്റഡിലെടുത്തത്. അഴിമതിക്കേസിലാണ് അറസ്റ്റ്.
അതിനാടകീയ രംഗങ്ങൾക്കാണ് ഇന്ന് ഇസ്ലാമാബാദ് കോടതി പരിസരം സാക്ഷ്യം വഹിച്ചത്. അഴിമതിക്കേസിൽ ഹാജരാകാനായി വൻ വാഹനവ്യൂഹവുമായി ഉച്ച തിരിഞ്ഞ് ഇമ്രാൻ കോടതിയിലേക്ക് പുറപ്പെട്ടത്. കോടതി മുറിയിലേക്കെത്തിയ ഇമ്രാനെ അവിടെ നിന്ന് പാക് റെയ്ഞ്ചേഴ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് അനുയായികൾക്ക് മനസിലാകും മുമ്പേ റെയ്ഞ്ചേഴ്സ് ഇമ്രാനെ വളഞ്ഞു. പിന്നാലെ ഇമ്രാൻ ഖാനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയിലെടുത്ത ഇമ്രാനെ റേയ്ഞ്ചേഴ്സ് ക്രൂരമായി മർദ്ദിച്ചെന്ന് തെഹ്‍രികെ ഇൻസാഫ് പാർട്ടി നേതാക്കൾ ആരോപിച്ചു.
ഇമ്രാന്‍റെ അഭിഭാഷകനും മർദ്ദനമേറ്റു. തുടർന്നാണ് രാജ്യ വ്യാപക പ്രതിഷേധത്തിന് പാർട്ടി ആഹ്വാനം ചെയ്തത്. പ്രതിഷേധമാണ് വലിയ സംഘർഷത്തിന് വഴിവെച്ചത്.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച സമ്മാനങ്ങൾ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചെന്ന കേസും റിയൽ എസ്റ്റേറ്റ് അഴിമതിയിടപാടുകളും ഉൾപ്പെടെ അറുപതിലേറെ കേസുകൾ അധികാരത്തിൽ നിന്ന് പുറത്ത് പോയതിന് പിന്നാലെ ഇമ്രാനെതിരെ ചുമത്തിയിരുന്നു. തനിക്കെതിരെ പട്ടാളം ഗൂഡാലോചന നടത്തുന്നുവെന്ന് ഇന്നലെ ഇമ്രാൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.