News

172 അംഗങ്ങളുടെ പിന്തുണ നേടാനാകുമോ? ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണായക ദിനം

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ്. 342 അംഗങ്ങളുള്ള പാകിസ്താന്‍ സഭയില്‍ അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്താനുള്ള 172 വോട്ടുകള്‍ ലഭിക്കുമോ എന്നത് നിര്‍ണാകമാണ്. രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ എന്തെങ്കിലും സംഭവിച്ചാല്‍ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതിനിര്‍ണായകമായ ഈ ദിവസത്തെ നേരിടാന്‍ തനിക്ക് ഒന്നിലധികം പദ്ധതികളുണ്ടെന്നാണ് ഇമ്രാന്‍ ഖാന്‍ അറിയിച്ചിരിക്കുന്നത്.

175നുമേല്‍ അംഗങ്ങളുടെ പിന്തുണ തങ്ങളോടൊപ്പമുണ്ടെന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്. 172 എന്ന മാന്ത്രികസംഖ്യയിലേക്ക് ഇമ്രാന്‍ ഖാന് എത്താന്‍ യാതൊരു സാധ്യതയില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. 24 എംപിമാര്‍ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവിശ്വാസ പ്രമേയത്തില്‍ അവസാന പന്ത് വരെ പോരാടുമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും തോല്‍വി അംഗീകരിക്കില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് ഖാന്‍ പറഞ്ഞിരുന്നു.

രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കുകയായിരുന്നു തന്റെ ലക്ഷ്യം. ലോകത്തിന് മുന്നില്‍ പാക്കിസ്താനികള്‍ മുട്ടിലിഴയുകയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ഒരു നിര്‍ണായക ഘട്ടത്തിലാണെന്നും രണ്ട് വഴികളാണ് മുന്നിലുള്ളതെന്നും ഇമ്രാന്‍ വ്യക്തമാക്കി.

പല പാക് രാഷ്ട്രീയ നേതാക്കളും പണമുണ്ടാക്കാന്‍ രാഷ്ട്രീയത്തില്‍ എത്തിയവരാണ്. ജനങ്ങളെ സേവിക്കാനാണ് താന്‍ രാഷ്ട്രീയത്തിലെത്തിയത്. രാജ്യത്തെ അപമാനിക്കാന്‍ അനുവദിക്കില്ല. ആരുടേയും മുന്നില്‍ തലകുനിക്കില്ലെന്നും അഭിസംബോധനയില്‍ അദ്ദേഹം പറഞ്ഞു. താന്‍ പാകിസ്താനെ പുരോഗതിയിലേക്ക് നയിച്ചു. ഇന്ന് രാജ്യം സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മുസ്ലിം സമുദായത്തിന് അടിമകളാകാന്‍ കഴിയില്ല. സര്‍ക്കാറിനെ താഴെയിറക്കാന്‍ വിദേശ ഗൂഢാലോചന നടന്നതായും ഖാന്‍ ആവര്‍ത്തിച്ചു.

‘അമേരിക്ക പാകിസ്താനെതിരെ ഉപരോധം ഏര്‍പ്പെടുത്തി. അവര്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ത്യാഗം സഹിച്ചത് പാകിസ്താനാണ്. ഏറ്റവും കൂടുതല്‍ ജീവന്‍ വെടിഞ്ഞത് പാകിസ്താനികളാണ്. പ്രശസ്തിയും സമ്പത്തും ഉള്‍പ്പെടെ എല്ലാം തന്ന് അള്ളാഹു അനുഗ്രഹിച്ച ഭാഗ്യവാനാണ് ഞാന്‍. സ്വതന്ത്ര രാജ്യത്ത് ജനിച്ച ആദ്യ തലമുറയില്‍ നിന്നുള്ളയാളാണ് ഞാന്‍. പാകിസ്താന്റെ വളര്‍ച്ചയും തളര്‍ച്ചയും കണ്ടിട്ടുണ്ട്’ വികാരഭരിതനായി ഇമ്രാന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button