മുംബൈ: കഴിഞ്ഞ സീസൺ ഐപിഎല്ലിൽ മുതൽ ആരംഭിച്ച നിയമമാണ് ഇംപാക്ട് പ്ലെയർ സംവിധാനം. ഇതുപ്രകാരം ഒരു ടീമിൽ 12-ാമതൊരു താരം കൂടി കളിക്കാൻ കഴിയും. പക്ഷേ ഇതിന് പകരമായി ടീമിൽ കളിച്ചുകൊണ്ടിരുന്ന ഒരു താരത്തെ പുറത്തിരുത്തും. എന്നാൽ ഈ നിയമത്തോട് തനിക്ക് അത്ര വലിയ ഇഷ്ടമൊന്നും ഇല്ലെന്ന് വ്യക്തമാക്കുകയാണ് രോഹിത് ശർമ്മ.
ഓൾ റൗണ്ടേഴ്സിന്റെ പ്രാധാന്യം കുറയ്ക്കുന്ന നിയമാണിത്. ശിവം ദൂബെയ്ക്കും വാഷിംഗ്ടൺ സുന്ദറിനും അവസരം ലഭിക്കുന്നില്ല. ക്രിക്കറ്റ് 12 താരങ്ങളുടേതല്ല 11 താരങ്ങളുടെ വിനോദമാണ്. ഈ നിയമം കൊണ്ട് എന്ത് ഗുണമുണ്ടെന്ന് എനിക്ക് അറിയില്ല. ക്രിക്കറ്റ് കാണുന്ന ആളുകൾക്ക് ക്രിക്കറ്റ് രസകരമാകാൻ ഈ നിയമം ഗുണം ചെയ്തേക്കുമെന്നും മുംബൈ ഇന്ത്യൻസ് മുൻ നായകൻ പറഞ്ഞു.
തന്റെ ടീം നന്നായി ബാറ്റ് ചെയ്താൽ ഇംപാക്ട് പ്ലെയറായി ഒരു ബൗളറെ ഉപയോഗിക്കാം. അതുകൊണ്ട് ആറോ ഏഴോ ബൗളർമാർ ഒരു ടീമിലേക്ക് എത്തും. ഒരു അധിക ബാറ്ററെ ഈ നിയമം കൊണ്ട് പലപ്പോഴും ആവശ്യം വരാറില്ല. കാരണം മിക്ക ടീമുകളും ഇപ്പോൾ നന്നായി ബാറ്റ് ചെയ്യുന്നു. ഏഴ്, എട്ട് നമ്പറുകളിൽ ഒരു ബാറ്ററെ എടുക്കേണ്ട ആവശ്യമില്ലെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.