വിസ്മയയുടെ മരണം; ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും

കൊല്ലം: വിസ്മയയുടെ മരണത്തില്‍ കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും. മരിച്ച വിസ്മയയുടെ അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം പ്രതി കിരണിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പോലീസ് പദ്ധതിയിടുന്നത്. റിമാന്‍ഡിലുള്ള പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.

വിസ്മയയുടെ മരണത്തില്‍ അന്വേഷണം ഭര്‍ത്താവ് കിരണിന്റെ വീട്ടുകാരിലേക്ക് കൂടി നീളുകയാണ്. കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി രാവിലെ തന്നെ ഇരു വീടുകളിലും നേരിട്ടെത്തി തെളിവുകള്‍ ശേഖരിക്കും. രാവിലെ 11 മണിക്ക് നിലമേല്‍ കൈതോടുള്ള വിസ്മയയുടെ വീട്ടിലാകും ആദ്യ സന്ദര്‍ശനം.

പിന്നീട് ശാസ്താംകോട്ട പോരുവഴിയിലുള്ള കിരണിന്റെ വീട്ടിലേക്ക് 12.30ന് പോകും. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓണ്‍ലൈനിലൂടെ അന്വേഷണ പുരോഗതി വിലയിരുത്തിയ ഹര്‍ഷിത അട്ടല്ലൂരി ഇന്ന് ഇവരെ നേരില്‍ കാണും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ഉദ്യോഗസ്ഥ യോഗം.

കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി കിരണിനെ പോലീസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടും. അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമാകും പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ സമാഹരിക്കുകയാണ് ഇന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ ലക്ഷ്യം.

അതേസമയം വിസ്മയയുടെ ആത്മഹത്യയില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും.

കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായി ആറ് മാസത്തേക്കാണ് കിരണ്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News